സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹം രാഷ്ട്ര പുരോഗതിക്ക് അനിവാര്യം-സി.കെ.ആശ എം.എൽ.എ

വൈക്കം: രാഷ്ട്രത്തിന്റെ പുരോഗതിക്ക് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹം അനിവാര്യമാണെന്ന് സി.കെ.ആശ എം.എൽ.എ പറഞ്ഞു. വൈക്കം ശ്രീമഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപക പരിശീലകരുടെ പതിനഞ്ച് ദിന സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ബി. മാധുരിദേവി അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് മുഖ്യ പ്രഭാഷണം നടത്തി.
ചലച്ചിത്ര അഭിനേത്രിയും നർത്തകിയുമായ ആര്യ പാർവ്വതി മുഖ്യാതിഥിയായിരുന്നു. പതിനഞ്ച് ദിന ക്യാമ്പിൽ നാടക ശില്പശാല, ഒറിഗാമി, ഉല്പന്ന നിർമ്മാണം, വിഭവ ഭൂപടം തയ്യാറാക്കൽ, പ്രാദേശിക ചരിത്ര സ്മാരക സന്ദർശനം, പഠനയാത്ര, സെമിനാറുകൾ, വിവിധ ക്ലാസ്സുകൾ തുടങ്ങിയവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 35 അധ്യാപക പരിശീലകർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാ.എം നമ്പൂതിരി, മേരി.എം.ജിമോൾ, കവിതാ ജോസ്, എം.എസ്. ശ്രീജ, ആഷ ഗിരീഷ്, പെനീന.വി. ബെന്നി, കെ.കെ. സാജുമോൻ, പി.എസ്. ശ്യാംലാൽ, അമലു സജി എന്നിവർ പ്രസംഗിച്ചു.