സെയിന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി
വൈക്കം: വൈക്കം സെയിന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹദര്‍ശന തിരുനാളിന് ഇന്ന് വൈകിട്ട് കൊടിയേറി. മുന്‍ വികാരി ഫാദര്‍ പോള്‍ കല്ലൂക്കാരന്‍ ആണ് കൊടിയേറ്റിയത്. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കൊടിക്കൂറ വിശ്വവാസി സമൂഹം ചേര്‍ന്ന് ആഘോഷമായി കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. പള്ളി വികാരി ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, സഹ വികാരി ഫാദര്‍ ജോസഫ് മേച്ചേരി, ഫാദര്‍ ജോര്‍ജ്ജ് കാട്ടേത്ത് എന്നിവരും കാര്‍മ്മികരായിരുന്നു. നാളെ വാഴ്ച ദിനം ആചരിക്കും. വൈകിട്ട് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാദര്‍ പോള്‍ വെള്ളറയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും. 22 വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, ഫാദര്‍ ജയിംസ് തുരുത്തിക്കര, ഫാദര്‍ മാര്‍ട്ടിന്‍ കല്ലുങ്കല്‍ എന്നിവര്‍ പ്രധാന കാര്‍മ്മികരാകും. കുര്‍ബാനയ്ക്കു ശേഷം മറ്റപള്ളി ഭാഗത്തേയ്ക്ക് പ്രദക്ഷിണം പുറപ്പെടും. 23 ന് തിരുനാള്‍ ആഘോഷിക്കും. രാവിലെ 8 ന് നടക്കുന്ന കുര്‍ബാനയ്ക്ക് ഫാദര്‍ സേവ്യര്‍ ആവള്ളില്‍ കാര്‍മ്മികനാകും. വൈകിട്ട് 4.30 ന് നടക്കുന്ന തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് ഫാദര്‍ ഫ്രെഡി കോട്ടൂര്‍ മുഖ്യ കാര്‍മ്മികനാകും. ഫാദര്‍ ജോഷി വേഴപ്പറമ്പില്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് പട്ടശ്ശേരി കുരിശടിയിലേയ്ക്ക് പ്രദക്ഷിണം പുറപ്പെടും. 24 ന് മരിച്ചവരുടെ ഓര്‍മ്മ ദിനം ആചരിക്കും. കൊടിയേറ്റ് ചടങ്ങിന് ട്രസ്റ്റിമാരായ ഡെന്നി മംഗലശ്ശേരി, ജോര്‍ജ്ജ് ആവള്ളില്‍, വൈസ് ചെയര്‍മാന്‍ മാത്യു കൂടല്ലില്‍, തിരുനാള്‍ കമ്മറ്റി കണ്‍വീനര്‍ കാട്ടേത്ത് ജോയിച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.