ശ്രീകൃഷ്ണജയന്തി ബാലദിന ആഘോഷങ്ങൾക്ക് തുടക്കമായി

വൈക്കം: ശ്രീകൃഷ്ണജയന്തി ബാലദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വൈക്കം താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പതാകദിനം ആഘോഷിച്ചു. വൈക്കം മഹാദേവക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ കെ.പി.എം.എസ് ജില്ലാ സെക്രട്ടറി കെ.പി. ഹരി, വടക്കേ നടയിൽ എ.കെ.ഡി.എസ്. ജില്ലാ അധ്യക്ഷൻ ശിവദാസ് നാരായണൻ, തെക്കേ നടയിൽ ആഘോഷ സമിതി അധ്യക്ഷൻ കെ. .ശിവപ്രസാദ്, പടിഞ്ഞാറേ നടയിൽ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം എൻ. മധു, വലിയ കവലയിൽ എസ്.എൻ.ഡി.പി. യോഗം യൂണിയൻ സെക്രട്ടറി ടി.പി. സെൻ എന്നിവർ കാവി പതാക ഉയർത്തി. "ഗ്രാമം തണൽ ഒരുക്കട്ടെ ബാല്യം സഫലമാവട്ടെ" എന്നതാണ് ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. നഗരസഭ കൗൺസിലർമാരായ ലേഖ അശോകൻ, എം കെ. മഹേഷ്, കെ.ബി. ഗിരിജാകുമാരി എന്നിവരും ആഘോഷസമിതിക്ക് ഭാരവാഹികളായ അർജുൻ ത്യാഗരാജൻ, വിജയ് കൃഷ്ണൻ,ജയകൃഷ്ണൻ, അർജുൻ. രാജ്, പി.ആർ. സുഭാഷ്, കെ. ആർ.രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ശ്രീ കൃഷ്ണ ജയന്തി ദിനമായ 14 ന് വൈകിട്ട് 3.30 ന് വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ശോഭായത്രകൾ 5 ന് വലിയ കവലയിൽ സംഗമിച്ച് മഹാശോഭായാത്രയായി ടൗൺ ചുറ്റി 7ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ സമാപിക്കും.