സി.പി.ഐ മൂഢസ്വർഗത്തിൽ; മുഖ്യമന്ത്രിയുടെ കാറിൽ കയറിയാൽ രാജ്യദ്രോഹമോ; സി.പി.ഐയ്ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: സി.പി.ഐ മൂഢസ്വർഗത്തിലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. യോഗനാദത്തിലെ ലേഖനത്തിലൂടെയായിരുന്നു സി.പി.ഐയെ ലക്ഷ്യമിട്ടുള്ള രൂക്ഷ വിമർശനം. ഈഴവരുള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളാണ് ഇടതുപാർട്ടികളുടെ നട്ടെല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സി.പി.ഐയുടെ നവനേതാക്കൾക്ക് ആ യാഥാർഥ്യത്തെക്കുറിച്ച് ബോധ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സി.പി.എമ്മുമായും താനുമായുള്ള ബന്ധം രാഷ്ട്രീയ തിരിച്ചടിയായെന്നാണ് ചിലർ വിമർശിക്കുന്നത്. അങ്ങനെ കരുതുന്നവർ മൂഢസ്വർഗത്തിലാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവും നിലനിൽക്കുന്നുണ്ടെന്നും അതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ എന്ത് തെറ്റാണുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതിനെ രാജ്യദ്രോഹം ചെയ്തതുപോലെ അവതരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഉന്നതജാതിയിൽപ്പെട്ടയാളോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ ആയിരുന്നെങ്കിൽ ഇതൊന്നും ചർച്ചയാകില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.