🔴 BREAKING..

സഖാവിന്റെ നാട്ടിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിന് 8 ന് രക്തപതാക ഉയരും

സഖാവിന്റെ നാട്ടിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിന്  8 ന് രക്തപതാക ഉയരും

വൈക്കം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കം ഒന്നര പതിറ്റാണ്ടിന് ശേഷമാണ് പാർട്ടി ജില്ലാ സമ്മേളനത്തിന് വേദിയാകുന്നത്. സമ്മേളനത്തെ വരവേൽക്കാനായി ചുവപ്പണിഞ്ഞ് നിൽക്കുന്ന പാതയോരങ്ങളിൽ സമരതീഷ്ണമായ ഇന്നലെകളിൽ പാർട്ടിയെ നയിച്ച വൈക്കത്തെ നേതാക്കളുടെ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.


8ന് വൈകിട്ട് 3 മണിക്ക് വൈക്കം വലിയ കവലയിൽ നിന്ന് റെഡ് വളണ്ടിയർ പരേഡ് ആരംഭിക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പതാക -ബാനർ-കൊടിമര ജാഥകൾ ജെട്ടി മൈതാനത്ത് വൈകുന്നേരം അഞ്ചുമണിക്ക് എത്തിച്ചേരും. കാനം സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാക ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനുവും കോട്ടയത്ത് എൻ.കെ.സാനുജന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ബാനർ ഇ.എൻ.ദാസപ്പനും കുറവിലങ്ങാട് എൻ.എം.മോഹനന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ബാനർ ലീനമ്മ ഉദയകുമാറും വൈക്കപ്രയാർ ലൈലാ രാധാകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുള്ള കൊടിമരം ടി.എൻ.രമേശനും ഏറ്റുവാങ്ങും. തുടർന്ന് സംഘാടകസമിതി പ്രസിഡന്റ് ജോൺ.വി.ജോസഫ് പതാക ഉയർത്തും. ജെട്ടി മൈതാനത്ത് റെഡ് വളണ്ടിയേഴ്സിന്റെ സല്യൂട്ടിനു ശേഷം കാനം രാജേന്ദ്രൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. അഡ്വ.വി.ബി.ബിനു അദ്ധ്യക്ഷത വഹിക്കും. റവന്യു മന്ത്രി കെ.രാജൻ, ആർ.രാജേന്ദ്രൻ, സി.കെ.ശശിധരൻ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കലാസാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം പൊതു സമ്മേളനത്തിൽ നടത്തും.  തുടർന്ന് ഇപ്റ്റയുടെ വയലാർ ഗാനസദസ്സും ഉണ്ടായിരിക്കും.

9ന് രാവിലെ 9.30ന് വൈക്കം എൻ.എസ്.എസ് ഓഡിറ്റോറിയത്തിലെ ആർ.ബിജുനഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലയിലെ 11 മണ്ഡലം സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 325 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

10.30ന് വലിയ കവലയിലെ പ്രത്യേകം തയ്യാറാക്കിയ സ്ക്വയറിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കൊപ്പം മുതിർന്ന നേതാവ് പാലായിലെ കെ.എസ്.മാധവൻ പതാക ഉയർത്തും. 11ന് ആർ.ബിജു നഗറിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ്കുമാർ എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.രാജേന്ദ്രൻ, പി.പി.സുനീർ എം.പി, ടി.വി.ബാലൻ, സി.പി.മുരളി, പി.പ്രസാദ്, കെ.കെ.അഷ്റഫ്, പി.വസന്തം എന്നിവർ സംസാരിക്കും., ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.

വൈകിട്ട് 5.30ന് ജെട്ടി മൈതാനിയിലെ പി.എസ്.ശ്രീനിവാസൻ - സി.കെ.വിശ്വനാഥൻ നഗറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മശതാബ്ദി സമ്മേളനം ആരംഭിക്കും. സി.കെ.ആശ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ശതാബ്ദി സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ പ്രമുഖ വിപ്ലവ ഗായിക പി.കെ.മേദിനിയെ ആദരിക്കും.

10ന് രാവിലെ 9.30ന് ആർ.ബിജു നഗറിൽ പ്രതിനിധി സമ്മേളനം തുടരും. ഉച്ചയ്ക്ക് ശേഷം പ്രതിനിധികളുടെ രാഷ്ട്രീയ - സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മറുപടി പറയും. തുടർന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പുതിയ ജില്ലാ കൗൺസിലിനെയും, ജില്ലാ സെക്രട്ടറിയേയും സമ്മേളനം തെരഞ്ഞെടുക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സി.കെ.ആശ എം.എൽ.എ (സംഘാടകസമിതി രക്ഷാധികാരി), എസ്.ബിജു (വൈസ് പ്രസിഡന്റ്), എം.ഡി.ബാബുരാജ് (ജനറൽ സെക്രട്ടറി), പി.പ്രദീപ് (ജോയിന്റ് സെക്രട്ടറി), എന്നിവർ അറിയിച്ചു.