🔴 BREAKING..

സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന: വൈക്കത്ത് 2 ആസ്സാം സ്വദേശികൾ പിടിയിൽ

സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന: വൈക്കത്ത് 2 ആസ്സാം സ്വദേശികൾ പിടിയിൽ
കഞ്ചാവും നിരോധിത പുകയില ഉൽപ്പന്ന വിൽപ്പനയും നടത്തി പിടിയിലായ ആസ്സാം സ്വദേശികൾ.

വൈക്കം:  സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പാൻമസാല കടകളിൽ നിരോധിത പുകയില ഉല്പ്പന്നങ്ങളും, കഞ്ചാവും വിൽപ്പന നടത്തുന്ന രണ്ട് ആസ്സാം സ്വദേശികൾ കടുത്തുരുത്തി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. ഹബീബ് റഹ്മാൻ (38), മെഹദുൾ ഇസ്ലാം (36) എന്നിവരെയാണ് കടുത്തുരുത്തി എക്സൈസ് അറസ്റ്റ് ചെയ്തത്. വൈക്കം സ്വദേശികളായ രണ്ട് യുവാക്കളെ കടുത്തുരുത്തി ഭാഗത്ത് വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ കടുത്തുരുത്തി എക്സൈസ് ചോദ്യം ചെയ്തപ്പോഴാണ് വൈക്കം ബിവറേജിന് മുൻവശം അനധികൃതമായി പ്രവർത്തിക്കുന്ന പാൻ മസാല കടയിൽ നിന്നാണ് വാങ്ങിയതെന്ന് മൊഴി നൽകുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ പാൻ മസാല കട പരിശോധിക്കുകയും കട നടത്തിയിരുന്ന രണ്ട് പേരുടെ കൈയ്യിൽ നിന്നും പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. അതിഥി തൊഴിലായികളെ ദിവസക്കൂലി നൽകി ബിനാമിയായി ലഹരി കച്ചവടം നടത്തുന്നത് മലയാളിയായ വെച്ചൂർ സ്വദേശിയായ യുവാവാണെന്നാണ് വിവരം. ഇതിനെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന. സ്കൂൾ കുട്ടികളെ ഈ ലഹരി മാഫിയയുടെ കൈയ്യിൽപ്പെടാതിരിക്കാൻ സ്കൂൾ അധികൃതരും, പഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പുകൾ ഏകോപിച്ച് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.