തെരുവുനായ ശല്യത്തിനെതിരെ സീനിയര്‍ സിറ്റിസണ്‍സ് ഫോറം പഞ്ചായത്ത് പടിക്കല്‍ കൂട്ടധര്‍ണ നടത്തി

വൈക്കം: അനുദിനം വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിനെതിരെ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള സീനിയർ സിറ്റിസൺസ് ഫോറം വെച്ചൂർ യൂണിറ്റ് വെച്ചൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ കൂട്ട ധർണ നടത്തി. തെരുവു നായ്ക്കളുടെ വർദ്ധനവ് തടയാൻ വന്ധ്യകരണം നടത്തി നിയന്ത്രിക്കണമെന്നും, വയോജനങ്ങളുടെ പ്രഭാത സഞ്ചാരത്തിന് സംരക്ഷണം നൽകണമെന്നും, തെരുവു നായ്ക്കളുടെ ശല്യത്തിനെതിരെ നിയമ നിർമ്മാണം നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ല പ്രസിഡന്റ് ശ്രീകുമാരൻ തമ്പി ധർണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.കെ. ലാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വെച്ചൂർ രമണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എസ്.എം. കുമാർ, സി.കെ. വാസുദേവൻ, യൂണിറ്റ് പ്രസിഡന്റ് കെ. അരവിന്ദാക്ഷൻ, വി. ശശിധരൻ എന്നിവർ പ്രസംഗിച്ചു.