തലയാഴത്ത് പുതിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിർവ്വഹിച്ചു

വൈക്കം: വൈക്കം താലൂക്ക് ആശുപത്രി വികസനം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം എന്‍.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാ രോഗ്യകേന്ദ്രമായി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനവും പുതിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എന്‍.എച്ച്.എം വഴി നടത്തുന്ന പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ 40 ശതമാനവുമാണ് ഫണ്ട് വിനിയോ ഗിക്കുന്നതെന്നും ആരോഗ്യ കേന്ദ്രങ്ങ ളെല്ലാം മികച്ച നിലവാരത്തിലായതായും തെറ്റായ കാര്യങ്ങളാണ് ആരോഗ്യരംഗ ത്തെക്കുറിച്ച് പ്രതിപക്ഷമടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്‍.എച്ച്.എമ്മില്‍ നിന്നും 1.11 കോടിയും ആര്‍ദ്രം മിഷനില്‍ നിന്ന് 15.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കെട്ടിട സമുച്ഛയത്തില്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍, പ്രഥമ പരിശോധനാ മുറി, മൂന്ന് ഓ.പി മുറികള്‍, നിരീക്ഷണമുറി, ഫാര്‍മസി, ലാബ്, നെബുലൈസേഷന്‍ മുറി, മുലയൂട്ടല്‍ മുറി, ഡ്രസ്സിങ്ങ് മുറി, നേത്രപരിശോധനാ മുറി, വിശാലമായ രോഗീസൗഹൃദ കാത്തിരിപ്പ് സ്ഥലം എന്നിവയ്‌ക്കൊപ്പം നഴ്സിങ്ങ് സ്റ്റേഷന്‍, പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് സ്റ്റാഫ് നഴ്സുമാര്‍, ഒരു ലാബ് ടെക്നീഷ്യന്‍, രണ്ട് ഫാര്‍മസിസ്റ്റുമാര്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, വൈസ് പ്രസിഡന്റ് ജെല്‍സി സോണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹൈമി ബോബി, പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, വ്യാസ് സുകുമാരന്‍, ഡോ. കെ.ബി. ഷാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയ ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തലയാഴം കുടുംബാരോഗ്യ കേന്ദ്രം പണിതത് പ്രധാനമായും എന്‍.എച്ച്.എമ്മി ന്റെ ഫണ്ട് ഉപയോഗിച്ചായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആരോഗ്യമന്ത്രി എന്നിവരുടെ ചിത്രം വേദിയില്‍ വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. വൈക്കം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിലാണ് ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തലയാഴം പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. വൈക്കം- വെച്ചൂര്‍ റോഡിലൂടെ എത്തിയ മാര്‍ച്ച് ഉദ്ഘാടന വേദിയ്ക്ക് സമീപം വൈക്കം ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. പോലീസും പ്രവര്‍ത്തകരുമായി ഇതിനിടെ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെ മുദ്രാവാക്യം വിളിയുമായി എല്‍.ഡി.എഫ്. പ്രവര്‍ത്തകരും എത്തി. ഇരുകൂട്ടരും ചേരിതിരിഞ്ഞ് മുദ്രവാക്യം വിളിച്ചു. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്