🔴 BREAKING..

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ അവിശ്വാസ പ്രമേയം- കോറമില്ലാതെ യോഗം പിരിഞ്ഞു

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ അവിശ്വാസ പ്രമേയം- കോറമില്ലാതെ യോഗം പിരിഞ്ഞു
യു.ഡി.എഫ് -എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പൊലീസ് തടയുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി ഭരണസമിതിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിതോടെ കോറം തികയാതെ യോഗം പിരിഞ്ഞു. ഇന്നലെ രാവിലെ നടന്ന യോഗത്തിൽ 15 അംഗങ്ങളിൽ 6 യു.ഡി.എഫ് അംഗങ്ങളും ഒരു സ്വതന്ത്രനും ഉൾപ്പെടെ 7 അംഗങ്ങളാണ് പങ്കെടുത്തത്.
തുടർന്ന് പഞ്ചായത്ത് ഓഫീസിന് വെളിയിലെത്തിയ യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ അഴിമതിക്കെതിരെ മുദ്രാവാക്യം വിളിച്ചപ്പോൾ സ്ഥലത്തെത്തിയ എൽ.ഡി.എഫ് പ്റവർത്തകരും മുദ്റാവാക്യവുമായി വന്നത് സംഘർഷത്തിന് ഇടയാക്കി. തലയോലപ്പറമ്പ് എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഘർഷം ഒഴിവാക്കി ഇരു കൂട്ടരേയും പിരിച്ചുവിട്ടത്. തുടർന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഭരണനേതൃത്വത്തിന്റെ അഴിമതി ചർച്ച ചെയ്യുന്നത് ഭയന്നാണ് എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കവലകളിൽ സ്ഥാപിക്കാൻ  സി.സി.ടി.വി ക്യാമറകൾ വാങ്ങിച്ചതിലും ബസ്സ് സ്റ്റാന്റ് നിർമ്മാണത്തിലും ഭവനപദ്ധതിയിലും എൽ.ഡി.എഫ് നടത്തിയ അഴിമതി ജനമധ്യത്തിൽ വിചാരണ ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബു, യു.ഡി.എഫ് നേതാക്കളായ കെ. ഡി. ദേവരാജൻ , ജോസ് വേലിക്കകം, ജോയ് ആനാപ്പറമ്പിൽ, വി.ടി.ജയിംസ്, അബ്ദുൾസത്താർ, ഷിഹാബ് വരവുകാല ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ ബാബു, നിസാർവരവുകാല, അനിത സുഭാഷ്, സജിമോൻ വർഗ്ഗീസ്, സേതുലക്ഷ്മി അനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അതെ സമയം പഞ്ചായത്ത് ഭരണസമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും അപവാദങ്ങൾ ചമച്ചുമാണ് യു.ഡി.എഫ്  അവിശ്വാസം കൊണ്ടുവന്നതെന്ന് എൽ.ഡി.എഫ് കൺവീനർ അഡ്വ.ആന്റണി കളമ്പുകാടൻ പറഞ്ഞു.
തനിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും എല്ലാ വിഷയങ്ങളും കമ്മിറ്റിയിൽ ചർച്ച ചെയ്ത് സർക്കാർ ഏജൻസി വഴിയാണ് സി.സി.ടിവി ഉൾപ്പെടെ ഉള്ളവയുടെ ക്വട്ടേഷൻ സ്വീകരിച്ചതെന്നും അവിശ്വാസ പ്.മേയം കൊണ്ടുവന്നത്  രാഷ്ട്രീയ പ്രേരിതമാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ് പറഞ്ഞു.