തരിശ് കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി പുനരാരംഭിക്കാൻ പദ്ധതി
എസ്. സതീഷ്കുമാർ
മറവന്തുരുത്ത്: കൃഷിയിറക്കാൻ വെള്ളം കിട്ടാതെ പതിറ്റാണ്ടുകളായി തരിശ് കിടക്കുന്ന ഇടവട്ടം കിഴക്ക്, പടിഞ്ഞാറ് പാടശേഖരങ്ങളിൽ കൃഷി പുനരാരംഭിക്കാൻ പദ്ധതി ഒരുങ്ങുന്നു. ലോക ബാങ്കിൻ്റെ ധനസഹായത്തോടെ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് 200 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തെ വീണ്ടും കൃഷിയിക്കാനുള്ള പദ്ധതിക്ക് പരിശോധന നടന്നത്. മറവൻതുരുത്ത് പഞ്ചായത്ത് ഫ്രാൻസിസ് ജോർജ് എം.പിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ഇന്നലെ കുട്ടനാടൻ പാക്കേജുമായി ബന്ധപ്പെട്ട വിദഗ്ധ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ്, കൃഷി ഓഫീസർ ആശ സി.നായർ, പഞ്ചായത്ത് അംഗങ്ങൾ, കർഷകർ എന്നിവർക്കൊപ്പമാണ് സംഘം മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ച തോടും തരിശായി കിടന്ന പാടശേഖരവും സന്ദർശിച്ചത്. മൂവാറ്റുപുഴയാറിൽ ആരംഭിച്ച് ഉൾപ്രദേശത്തു കൂടി ഒഴുകുന്ന നാട്ടുതോട് ആഴം കൂട്ടി ശുചീകരിച്ചാൽ മാത്രമേ പാടശേഖരത്തിൽ ശുദ്ധജലം എത്തിക്കാനാവു. എന്നാൽ വേലിയറ്റത്തിൽ പാടം വെള്ളത്തിൽ മുങ്ങാതിരിക്കാൻ ഇടവട്ടത്തെ ഒടിച്ചുകുത്തി പാലത്തിൽ ഷട്ടർ സ്ഥാപിക്കണം. ജലസേചന സൗകര്യം വർധിച്ചാൽ ഇടവട്ടത്തെ കൃഷിക്ക് ഗുണകരമാകുമെന്ന് കർഷകർ പറഞ്ഞു. പഞ്ചായത്തിൻ്റെ 6 മുതൽ 10 വരെയുള്ള വാർഡുകളിൽ വെള്ളപ്പൊക്കവും ഒഴിവാക്കാനാവും. ഇതിനുള്ള പദ്ധതികൾ നടപ്പാക്കാനാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും പരിശോധന നടത്തിയത്.