വൈക്കം നഗരസഭയിലെ അഴിമതി ആരോപണം: യു.ഡി.എഫ്. കൗൺസിലർ സിന്ധു സജീവൻ സി.പി.എമ്മിൽ ചേർന്നു
വൈക്കം: വൈക്കം നഗരസഭയിൽ നടക്കുന്ന കോടികളുടെ അഴിമതിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. ബന്ധം ഉപേക്ഷിച്ച കൗൺസിലർ സിന്ധു സജീവൻ സി.പി.എമ്മിൽ ചേർന്നു. കഴിഞ്ഞ നാലര വർഷമായി കോൺഗ്രസ്-ബി.ജെ.പി. കൂട്ടുകെട്ടിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ ശബ്ദമുയർത്തിയിട്ടും മുന്നണിയുടെ ഭാഗത്ത് നിന്നോ ഭരണസമിതിയുടെ ഭാഗത്തുനിന്നോ ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് പതിമൂന്നാം വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ സിന്ധു സജീവൻ ഭരണസമിതിയിൽ നിന്നും പുറത്തേക്ക് വന്നത്. ബുധനാഴ്ച വൈകിട്ട് 6ന് വൈക്കം ബോട്ട് ജെട്ടിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥൻ സിന്ധു സജീവനെ പാർട്ടി പതാക കൈമാറി പാർട്ടിയിലേക്ക് സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം എം. സുജിൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. ശശിധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഹരിദാസ്, കെ.കെ. ശശികുമാർ, ലോക്കൽ സെക്രട്ടറിമാരായ പി.ടി. രാജേഷ്, പി.സി. അനിൽകുമാർ, കൗൺസിലർ കവിത രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഭരണസമിതിയുടെ കൂട്ടുപിടിച്ച് ചില ബി.ജെ.പി. കൗൺസിലർമാർ ബീച്ചിലെ പുല്ലുവെട്ട്, മിനി എം.സി.എഫ്, കട്ടിൽ വിതരണം, ടൊയ്‌ലറ്റ് നിർമാണം തുടങ്ങിയവയിൽ കോടികളുടെ അഴിമതിയാണ് നടത്തിയതെന്നാണ് സിന്ധു സജീവൻ്റെ ആരോപണം.