വൈക്കം-വെച്ചൂർ റോഡിന് ഭൂമി ഏറ്റെടുക്കൽ: പുനരധിവാസ പാക്കേജിന് അംഗീകാരമായി

വൈക്കം: കിഫ്ബി ധനസഹായത്തോടെ വീതികൂട്ടി ആധുനികരീതിയിൽ നിർമ്മിക്കുന്ന വൈക്കം-വെച്ചൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി വീടുകൾ, കടകൾ എന്നിവ പൂർണമായും നഷ്ടപ്പെടുന്നവർക്കും ഇതുമൂലം തൊഴിൽ നഷ്ടപ്പെടുന്നവർക്കും പുനരധിവാസ പാക്കേജിന് ലാൻഡ് റവന്യു കമ്മീഷണർ അന്തിമഅനുമതി നൽകി. 95.28 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. തലയാഴം, വെച്ചൂർ പഞ്ചായത്തുകളിൽപ്പെട്ട 103 ഗുണഭോക്താക്കളെ കഴിഞ്ഞ ഫെബ്രുവരി 17 മുതൽ 20 വരെ നേരിൽ കണ്ടു ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ രേഖകൾ നേരിട്ട് പരിശോധിച്ചാണ് പുനരധിവാസ പാക്കേജിന് അന്തിമരൂപം നൽകിയത്. വൈക്കം വെച്ചൂർ റോഡിനായി 963 പേരിൽ നിന്നുമായി ഏറ്റെടുക്കുന്ന 15 ഏക്കർ ഭൂമിയുടെ അവകാശികൾക്ക് ഭൂമി വില നൽകുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. അതിനായി 85.77 കോടി രൂപ കിഫ്ബിയിൽ നിന്നും റോഡ് നിർമ്മിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിക്കഴിഞ്ഞു. ഈ തുക കിഫ്ബി (എൽഎ) തഹസിൽദാർക്ക് കൈമാറിയ ശേഷം വസ്തു ഏറ്റെടുക്കക്കൽ സംബന്ധിച്ച് അന്തിമ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. തുടർന്ന് 963 ഭൂവുടമകളുടെ രേഖകളുടെ നേരിട്ടുള്ള പരിശോധനയ്ക്കുശേഷം ഉടൻ തന്നെ വസ്തു ഉടമകൾക്ക് പണം കൈമാറാൻ കഴിയുമെന്ന് സി.കെ ആശ എം.എൽ.എ അറിയിച്ചു.