വൈക്കത്തിന്റെ കായിക സ്വപ്നങ്ങള്‍ ചിറകുവിരിക്കുന്നു
വൈക്കം: സംസ്ഥാന സര്‍ക്കാറിന്റെ 2024-25 വര്‍ഷത്തെ ബജറ്റിൽ വൈക്കത്ത് അനുവദിക്കപ്പെട്ട രണ്ട് സ്റ്റേഡിയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം 14ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു. വൈക്കം തെക്കേനട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം രാവിലെ 10.30നും വൈക്കം വെസ്റ്റ് മടിയത്തറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം രാവിലെ 11.30നുമാണ് നടക്കുക. തെക്കേനട സ്‌കൂളില്‍ രണ്ടര കോടി രൂപ വിനിയോഗിച്ചും, മടിയത്തറ സ്‌കൂളില്‍ രണ്ടു കോടി രൂപ വിനിയോഗിച്ചുമാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. രണ്ട് സ്‌കൂള്‍ സ്റ്റേഡിയങ്ങളിലും ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റന്‍ കോര്‍ട്ടുകള്‍ അടക്കമുള്ള സജ്ജീകരിക്കും. തെക്കേനട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു അത്ലറ്റിക് ട്രാക്കും ലോങ്ജംപ് പിറ്റ് അടക്കം നിര്‍മിക്കുന്ന രീതിയിലാണ് പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ടര്‍ഫ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം സ്കൂളിൽ കായിക വകുപ്പ് മന്ത്രി നിര്‍വഹിച്ചിരുന്നു. വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനവും അവസാന ഘട്ടത്തിലാണ്. വൈക്കം ടൗണിൽ രണ്ടു സ്റ്റേഡിയങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാര്‍ മേഖലയില്‍ നാലു സ്റ്റേഡിയങ്ങളുള്ള നിയോജകമണ്ഡലമായി വൈക്കം മാറും.