വൈക്കത്തഷ്ടമി അഹസ്സ്: വെള്ളാപ്പള്ളി ദർശനം നടത്തി
ആർ.സുരേഷ്ബാബു
വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ അഷ്ടമി അഹസ്സിൻ്റെ ഭാഗമായി മഹാദേവ ക്ഷേത്രത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ദർശനവും തുലാഭാരവും നടത്തി. വൈക്കം ക്ഷേത്രത്തിലെ മൂന്നാം ഉത്സവം എസ്.എൻ.ഡി.പി. യോഗം വൈക്കം യൂണിയൻ്റെ അഹസ്ലായാണ് നടത്തി വരുന്നത്.1983 ലാണ് ഇതിന് തുടക്കം. അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായിരുന്ന അടൂർ കുഞ്ഞിരാമനാണ് ഇതിന് മുൻകൈയെടുത്തത്. കഴിഞ്ഞ 21 വർഷമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രീതി നടേശനും അഹസ്സിനോടനുബന്ധിച്ച് അഷ്ടമി മൂന്നാം ഉത്സവനാളിൽ വൈക്കം ക്ഷേത്രത്തിൽ ദർശനവും തുലാഭാരം വഴിപാടും നടത്താറുണ്ട്. ശർക്കര കൊണ്ടാണ് തുലാഭാരം നടത്തുക. യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ്, വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ, സെക്രട്ടറി എം.പി. സെൻ, യോഗം ഡയറക്ടർ ബോർഡംഗം രാജേഷ് മോഹൻ, യോഗം അസിസ്റ്റൻഡ് സെക്രട്ടറി പി.പി. സന്തോഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
