വൈക്കത്തഷ്ടമി: ഋഷഭ വാഹനം എഴുന്നളിപ്പ് 7ന്
ആർ.സുരേഷ്ബാബു
വൈക്കം: വൈക്കത്തഷ്മിയുടെ ഏറ്റവും ആകർഷകമായ ചടങ്ങുകളിലൊന്നായ ഋഷഭ വാഹനം എഴുന്നള്ളിപ്പ് 7 ന് രാത്രി 11 ന് നടക്കും. ശ്രീമഹാദേവൻ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നാണ് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച്, തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറേടത്ത് ഇല്ലത്തെ 40ൽ പരം മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കും. നാദസ്വരം, പരുക്ഷ വാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നീ വാദ്യങ്ങൾ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് രണ്ട് മണികൂർ ഉണ്ടാവും. വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവർ നാദസ്വരവും കാവാലം ശ്രീകുമാർ, ചെറായി മനോജ് എന്നിവർ തകിലും വായിക്കും. വൈക്കത്തഷ്ടമി യുടെ ഏഴാം ഉത്സവ നാളിലാണ് വലിയ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പൻ എഴുന്നള്ളുന്നത്. ധനുമാസത്തിലെ തിരുവാതിര നാളിൽ ഉപയോഗിക്കുന്ന മറ്റൊരു ഋഷഭ വാഹനവും ക്ഷേത്രത്തിലുണ്ട്. ഇതിന്റെ ശിരസ്സ് അല്പം വലത്തോട്ട് ചാഞ്ഞിരിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
വൈക്കത്തഷ്ടമി: ഉത്സവബലി ആരംഭിച്ചു
വൈക്കം: അഷ്ടമിയുടെ പ്രധാന താന്ത്രികചടങ്ങായ ഉത്സവബലി ആരംഭിച്ചു. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ഉൽസവ സമയം ഭഗവന്റെ സാന്നിദ്ധ്യത്തിൽ നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവ പാർഷദന്മാർക്കും തൽ പാർഷദന്മാർക്കും ജല ഗന്ധ പുഷ്പ ധൂപ ദീപ സമേതം ഹവിസ് ബലി അർപ്പിക്കുന്ന ചടങ്ങിൽ മൂലബിംബമാണ് എഴുന്നള്ളിച്ചത്. ഉപവാസത്തോടെ ഉൽസവബലി ദർശിക്കുന്നത് ശ്രേയസ്കരമാണന്നാണ് വിശ്വാസം. 6, 8,11 ദിവസങ്ങളിലും ഉത്സവബലിയുണ്ട്.
താലപ്പൊലികൾക്ക് നാളെ സമാപനം
വൈക്കം: അഷ്ടമിയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് നടത്തുന്ന താലപ്പൊലികൾ നാളെ സമാപിക്കും. ഇന്ന് വൈകിട്ട് 6ന് തമിഴ് വിശ്വബ്രഹ്മസമാജം, വേലൻ മഹാജന സഭ, വിളക്കിത്തലനായർ സമാജം എന്നിവരുടെയും സമാപന ദിനമായ നാളെ വണിക വൈശ്യസംഘം ധീവര മഹിള സഭയുടെയും താലപ്പൊലിയാണ് നടക്കുന്നത്.
ദേവസ്വം ബോർഡിന്റെ പ്രാതൽ
വൈക്കത്തഷ്ടമിയുടെ ഏഴാം ഉൽസവ ദിനമായ നാളെ മുതൽ ദേവസ്വം ബോർഡിന്റെ പ്രാതൽ ആരംഭിക്കും. അഷ്ടമി നാളിൽ 121 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്. എഴാം ഉൽസവം മുതൽ ആരംഭിക്കുന്ന പ്രാതലിന്റെ ഒരുക്കങ്ങൾ ക്ഷേത്ര കലവറയിൽ ആരംഭിച്ചു. ക്ഷേത്ര കലവറയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു കലവറയിൽ ദീപം തെളിച്ചതോടെ വിഭവങ്ങൾ ഒരുക്കുന്നതിനുള്ള തുടക്കമായി.

എഴുന്നള്ളിപ്പിന് മോടിയേറും
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ ഏഴാം ഉൽസവ ദിനമായ 7ന് രാവിലെ 8ന് നടക്കുന്ന ശ്രീബലി പ്രധാനം. തിടമ്പ് ശിരസിലേറ്റുന്ന ഗജവീരന് സ്വർണ്ണ തലേക്കെട്ട് സ്വർണ്ണക്കുട, വെൺചാമരം, ആലവട്ടം എന്നിവയോടെ നടക്കുന്ന എഴുന്നള്ളിപ്പ് ഏകദേശം 5 മണികൂർ നീണ്ടുനിൽക്കും. അകമ്പടിയാനകളും മുത്തുക്കുടകളും എഴുന്നള്ളിപ്പിന് മോടി കൂട്ടും. വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവരുടെ നാദസ്വരവും ചെറായ് മനോജ്, കാവാലം ബി ശ്രീകുമാർ എന്നിവരുടെ തകിലും വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ നേതൃത്വത്തിൽ കീഴൂർ മധുസൂദന കുറുപ്പ്,ചേർത്തല അജിത് കുമാർ കലാപീഠം പത്മകുമാർ, തൃക്കാമ്പുറം ജയദേവ മാരാർ,ഉദയനാപുരം ഉണ്ണി, മാടപ്പള്ളി വേണു തുടങ്ങിയവരുടെ പഞ്ചവാദ്യവും ക്ഷേത വാദ്യകലാ അക്കാദമി വൈക്കം മേഖലയുടെ ആഭിമുഖ്യത്തിൽ തേരോഴി രാമക്കുറുപ്പിൻ്റെ പ്രമാണത്തിൽ ഒരുക്കുന്ന പഞ്ചാരിമേളവും പ്രഭാത ശ്രീബലിക്ക് കൊഴുപ്പേകും.
