നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി
എസ്. സതീഷ്കുമാർ
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി. പുലർച്ചെ ക്ഷേത്രം മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആയിരുന്നു നിറയും പുത്തരി ചടങ്ങ് നടന്നത്. കാർഷിക അഭിവൃദ്ധിയും ഐശ്വര്യവും ലക്ഷ്യമിട്ടാണ് നിറയും പുത്തരി ചടങ്ങ് നടത്തുന്നത്. ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. അയ്യപ്പന്റെ മേൽനോട്ടത്തിൽ ആണ് നിറപുത്തരി ഒരുക്കിയത്.
പത്തിനം ഇലകൾ ഒരുമിച്ച് കെട്ടിയാണ് നിറപുത്തരി ഒരുക്കിയത്. ഇന്ന് പുലർച്ചെ പുതുക്കറ്റുകൾ വ്യാഘ്രപാദതറയിൽ എത്തിച്ച് വിശേഷാൽ പൂജകൾക്കുശേഷം നെൽക്കറ്റുകളും തലയിലേറ്റി ക്ഷേത്രവലം വച്ചു. ഉരുളിയിലാക്കിയ കറ്റകൾ ശിരസ്സിലേറ്റി ഇടതുകൈയിൽ മണികിലുക്കിയായിരുന്നു പ്രദക്ഷിണ ചടങ്ങ്. തുടർന്ന് മണ്ഡപത്തിൽ മന്ത്രോച്ചാരണങ്ങളോടെ പൂജ നടന്നു. പൂജിച്ച കതിരുകൾ ശ്രീകോവിലിലും ഉപദേവതമാർക്കും സമർപ്പിച്ച ശേഷമാണ് ഭക്തർക്ക് വിതരണം ചെയ്തത്. നിറപുത്തരി വീടിൻ്റെ പൂമുഖത്ത് ചാർത്തുന്നത് ഐശ്വര്യമാണ് എന്നാണ് വിശ്വാസം. വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിലും നിറയും പുത്തരി ആഘോഷം നടന്നു.
Comments ()