വൈക്കം നഗരസഭ എട്ടാം വാർഡിൽ എക്സലൻസ് അവാർഡ് വിതരണവും 'ഓപ്പറേഷൻ തണ്ടർ' ബോധവൽക്കരണവും ജൂലൈ 12-ന്
വൈക്കം: നഗരസഭ എട്ടാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 'എക്സലൻസ് അവാർഡ്' വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. ജൂലൈ 12 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പട്ടാര്യ സമാജം ഹാളിൽ നടക്കുന്ന പരിപാടി വൈക്കം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ വി. അനൂപ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വൈക്കം നഗരസഭ അധ്യക്ഷൻ അബ്ദുൾസലാം റാവുത്തർ മുഖ്യപ്രഭാഷണം നടത്തും.

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ള 'ഓപ്പറേഷൻ തണ്ടർ' ക്യാമ്പയിന്റെ ഭാഗമായി, എക്സൈസ് വൈക്കം റേഞ്ച് പ്രിവന്റീവ് ഓഫീസർ ദീപേഷ് എ.എസ് ബോധവൽക്കരണ ക്ലാസ്സ് നയിക്കും. തുടർന്ന് വൈക്കം നഗരസഭ ഉപാധ്യക്ഷ ശ്രീമതി സൗദാമിനി അഭിലാഷ് ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങിൽ അനിത ജി. നായർ, ഹരിദാസൻ നായർ, എം.ആർ. അനിൽകുമാർ, ആർ. അനീഷ്, സ്നേഹ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ശിവപ്രസാദ്, മാധവ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി രാമവാര്യർ, വാർഡ് വികസന സമിതി ഉപാധ്യക്ഷൻ എസ്. അനിൽകുമാർ എന്നിവർ പങ്കെടുക്കുമെന്ന് എസ്. ശശീന്ദ്രൻ നായരും വാർഡ് കൗൺസിലർ വി. അനൂപും അറിയിച്ചു.
Comments ()