കഥയും കവിതയും അറിഞ്ഞ് വിദ്യാർഥികൾ
മറവൻതുരുത്ത്: കഥയും കവിതയുമായി മറവന്തുരുത്ത് സർക്കാർ യു.പി സ്കൂളിൽ വായനപക്ഷാചരണ സമാപനം സമ്മേളനം നടന്നു. കഥ പറഞ്ഞും കവിതകൾ ചൊല്ലിയും വായനയുടെ മഹത്വം പകർന്നത് കുട്ടികൾക്കും കൗതുകത്തോടൊപ്പം അറിവുമായി മാറി. സ്കൂളിൽ ചുങ്കം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും കവയിത്രിയും അധ്യാപികയും ആയ നിഷാ നാരായണൻ ഉദ്ഘാടനം ചെയ്തു.

വായനയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങളും മരങ്ങോലിൽ മറിയം മത്തായി ചാരിറ്റബിൾ ട്രസ്റ്റ് മെഡലുകളും വിതരണം ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുര വിതരണം നടത്തിയാണ് വായനശാല പ്രവർത്തകർ സമാപന യോഗത്തിലേക്ക് കുട്ടികളെ എതിരേറ്റത്. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമാപന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അഡ്വ.പി.ആർ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് വി.ടി പ്രതാപൻ, വായനശാല പ്രവർത്തകരായ ശശാങ്കൻ മാസ്റ്റർ, കെ.പി ജോൺ, എസ്. ശ്രീകുമാർ, എം.പി.ടി.എ പ്രസിഡന്റ് സൗദാ നവാസ് എന്നിവരും ചടങ്ങൽ പങ്കെടുത്തു. വായനശാല സെക്രട്ടറിയും പൂർവ്വ വിദ്യാർത്ഥിയുമായ എം.എസ് തിരുമേനി ചടങ്ങിന് സ്വാഗതവും ഹെഡ്മാസ്റ്റർ സി.പി പ്രമോദ് നന്ദിയും പറഞ്ഞു.
Comments ()