വിഗ്രഹഘോഷയാത്ര ഭക്തി സാന്ദ്രമായി
വൈക്കം: കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും മകരസംക്രമ മഹോത്സവും തുടങ്ങി. ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സപ്താഹ യജ്ഞത്തിന്റെ ദീപ പ്രകാശനം ക്ഷേത്രം മേല്‍ശാന്തി യദുകൃഷ്ണന്‍ നിര്‍വ്വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീ കൃഷ്ണവിഗ്രഹം ചാത്തനാട്ട് ക്ഷേത്രം സന്നിദ്ധിയില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം തന്ത്രി വടശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി യദുകൃഷ്ണന്‍, യജ്ഞാചാര്യന്‍ കൃഷ്ണറാം പുന്നപ്ര, പൗരാണികരായ പുനലൂര്‍ സന്തോഷ്, ആദിനാട് വേണു, മൈനാകപള്ളി സതീഷ് എന്നിവർ കാര്‍മ്മികരായിരുന്നു. ക്ഷേത്രം ഭാരവാഹികളായ വി.ആര്‍. വിശ്വനാഥന്‍, ആര്‍. മനോജ് മോഹന്‍, ശശിധരന്‍ പിള്ള, പി.ആര്‍. രാധാകൃഷണന്‍, മാലിനി വടക്കേ മാളിയക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവധ ദിവസങ്ങളില്‍ നരസിംഹാവതാരം, പ്രഭാഷണം, പ്രസാദം ഊട്ട്, ശ്രീ കൃഷ്ണാവതാരം, തിരുമുല്‍ക്കാഴ്ച സമര്‍പ്പണം, ഉണ്ണിയൂട്ട്, തുലാഭാരം, നവഗ്രഹ പൂജ, ഗോവിന്ദാഭിഷേകം, വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന, സ്വയംവരഘോഷയാത്ര, രുഗ്മിണി സ്വയംവരം, സ്വയംവര സദ്യ, സര്‍വ്വൈശ്വര്യ പൂജ, കുചേലസദ്ഗതി, സ്വതാഗമനം, അവഭൃഥസ്‌നാനഘോഷയാത്ര, കുംഭകുട ഘോഷയാത്ര എന്നിവ നടക്കും. 14 ന് മകരസംക്രമ ഉത്സവം നടക്കും. രാവിലെ 11.00 ന് കളഭാഭിഷേകം, ഉച്ചയ്ക്ക് പ്രസാദം ഊട്ട്, വൈകിട്ട് ദേശതാലപ്പൊലി, തിരുവാതിരകളി, വലിയഗുരുതി.