Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കടന്നുപോയത് കാരണമറിയാത്ത വേദനയുടെ 12 വർഷം: യുവതിയുടെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം

കടന്നുപോയത് കാരണമറിയാത്ത വേദനയുടെ 12 വർഷം: യുവതിയുടെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം

കൊച്ചി: കടുത്ത വേദന, ഉറക്കമില്ലാത്ത രാത്രികൾ, അനങ്ങുമ്പോൾ പോലും അനുഭവപ്പെട്ടിരുന്ന അസഹനീയമായ വേദന എന്നിവയൊക്കെ കഴിഞ്ഞ 12 വർഷത്തെ മനുവിന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയിരുന്നു. വേദനക്ക് കാരണം കണ്ടെത്താൻ 44 കാരിയായ ഈ കൊല്ലം സ്വദേശിനി കയറിയിറങ്ങാത്ത ആശുപത്രികൾ വിരളമാണ്. വെള്ളിയാഴ്ച വി.പി.എസ് ലേക്‌ഷോറിൽ നടത്തിയ വിദഗ്ധ ശസ്ത്രക്രിയയിൽ, മനുവിന്‍റെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്തതോടെയാണ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഈ ദുരിതത്തിന് അറുതിയായത്.

0:00
/1:47

കരുനാഗപ്പള്ളി സ്വദേശിനിയായ 44കാരി എസ്.ബി. മനുവിന്‍റെ ശരീരത്തിൽ നിന്നാണ് മൂന്ന് സെന്‍റീമീറ്ററോളം വലിപ്പമുള്ള ഗ്ലാസ് കഷ്ണങ്ങൾ വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗം ഡയറക്ടർ ഡോ.ആർ. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. മനുവിന്‍റെ നടുവിന്‍റെ ഭാഗത്ത് നട്ടെല്ലിനോട് ചേർന്നാണ് ത്രികോണാകൃതിയിലുള്ള ഒരു കഷ്ണം ഉൾപ്പെടെ മൂന്ന് ഗ്ലാസ് കഷ്ണങ്ങൾ കണ്ടെത്തിയത്. പതിറ്റാണ്ടിലധികം നീണ്ട വേദനയുടെ കാരണം തേടിയുള്ള മനുവിന്‍റെയും കുടുംബത്തിന്‍റെയും യാത്രക്കാണ് ഇതോടെ വിരാമമായത്. റേഡിയോളജി, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ വിദഗ്ധരും ചികിത്സയിൽ പങ്കാളികളായി.

12 വർഷങ്ങൾക്ക് മുമ്പ് ഭർതൃസഹോദരിയുടെ വിവാഹ ചടങ്ങിനിടെയുണ്ടായ വീഴ്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് എട്ട് മാസം ഗർഭിണിയായിരുന്ന മനു, ഗ്ലാസ് പതിച്ച ടീപ്പോയിലേക്ക് വീഴുകയായിരുന്നു. ഗ്ലാസ് തകർന്നതോടെ കഷണങ്ങൾ നടുവിൽ തുളച്ചുകയറി. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും എല്ലാ ഗ്ലാസ് കഷണങ്ങളും അന്ന് കണ്ടെത്തി പുറത്തെടുത്തിരുന്നില്ല. ഇതോടെ ചില കഷണങ്ങൾ ശരീരത്തിനുള്ളിൽ തന്നെ തുടരുകയായിരുന്നു.

പിന്നീട് ശക്തമായ വേദന അനുഭവപ്പെട്ട് തുടങ്ങിയെങ്കിലും അതിന്‍റെ കാരണം ഇതാണെന്ന് കണ്ടെത്താനുമായില്ല. കൃത്യമായ കാരണം കണ്ടെത്താൻ കഴിയാതെ വന്നതോടെ മനുവിന് മാനസിക പ്രശ്നമാണെന്ന് കരുതിയവർ പോലുമുണ്ടെന്ന് അവർ പറയുന്നു. എന്നാൽ താൻ അനുഭവിക്കുന്നത് ശക്തമായ ശാരീരിക വേദനയാണെന്ന നിലപാടിൽ മനു ഉറച്ചുനിന്നു.

കടുത്ത വേദന മനുവിന്‍റെ ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നുവെന്ന് ഭർത്താവ് രാജീവ് പറഞ്ഞു. രാത്രിയിൽ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കൈകൾ ഉയർത്തുമ്പോൾ പോലും കടുത്ത വേദനയായിരുന്നു. കുട്ടികളെ പരിപാലിക്കുന്നതിനും ജോലികളിൽ ഏർപ്പെടുന്നതിനും ബുദ്ധിമുട്ടായിരുന്നു. കരുനാഗപ്പള്ളിയിൽ താലൂക്ക് സപ്ലൈ ഓഫിസറായി ജോലി ചെയ്തിരുന്ന മനുവിന് ആരോഗ്യനില മോശമായതോടെ ഔദ്യോഗിക ചുമതലകൾ പോലും ശരിയായി നിർവഹിക്കാനാകാത്ത സ്ഥിതിയുണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അടുത്തിടെ മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നിർണായക സൂചന ലഭിച്ചത്. ട്യൂമറിന് സമാനമായ ഒരു സാധ്യത സംശയിച്ച ഡോക്ടർമാർ എം.ആർ.ഐ പരിശോധന നിർദേശിച്ചു. തുടർന്ന് ഈ പരിശോധനാഫലങ്ങളുമായി മനു ഡോ. കൃഷ്ണകുമാറിനെ സമീപിക്കുകയായിരുന്നു.

“അദ്ദേഹത്തിന്‍റെ കീഴിൽ മുമ്പ് ഞാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ളതിനാൽ ഭാര്യയുടെ റിപ്പോർട്ടുകളുമായി ഡോ. കൃഷ്ണകുമാറിനെ സമീപിക്കുകയായിരുന്നു. പരിശോധനാഫലങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം ത്രിഡി സി.ടി സ്കാൻ നിർദേശിച്ചു. അങ്ങനെയാണ് നട്ടെല്ലിൽ കുടുങ്ങിക്കിടക്കുന്നത് ഗ്ലാസ് കഷണങ്ങളാണെന്ന് വ്യക്തമായി കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നിർദേശിക്കപ്പെട്ടു. ഇത് അവൾക്ക് ഒരു പുതിയ ജീവിതമാണ്,” കണ്ണീരോടെ രാജീവ് പറഞ്ഞു.

കഴുത്തുവേദന ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ മനു അനുഭവിച്ചിരുന്നുവെന്നും അതിനാൽ മുൻകാല ചികിത്സകളിൽ ഏറെയും കഴുത്തിന്‍റെ ഭാഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതെന്നും ഡോ. കൃഷ്ണകുമാർ പറഞ്ഞു. “പരിക്കുകൾ സംഭവിച്ച ശേഷം വേദന വർഷങ്ങളോളം തുടർന്നാൽ കൃത്യമായ പരിശോധനകൾ ആവശ്യമാണ്. ഇമേജിംഗ് പരിശോധനകളിലൂടെയാണ് മനുവിന്‍റെ ശരീരത്തിൽ അവശേഷിച്ചിരുന്ന ഗ്ലാസ് കഷണങ്ങൾ കണ്ടെത്താനായത്. തുടർചികിത്സ നൽകിവരികയാണ്,” അദ്ദേഹം വ്യക്തമാക്കി.

ഏറെക്കാലമായി നീണ്ടുനിൽക്കുന്ന വേദന മനുവിനെ നിരാശയുടെ വക്കിലെത്തിച്ചിരുന്നുവെന്ന് ബന്ധുവായ മുരളീധരൻ പറഞ്ഞു. 12 വർഷമായി മനു അനുഭവിക്കുന്ന വേദന താൻ നേരിട്ട് കണ്ടതാണ്. കാരണം കണ്ടെത്തുമെന്ന പ്രതീക്ഷയിൽ നിരവധി ഡോക്ടർമാരെയും ആശുപത്രികളെയും സമീപിച്ചു. ഇത്രയധികം ചികിത്സകൾ നടത്തിയിട്ടും വേദനയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോഴെങ്കിലും കാരണം കണ്ടെത്തി കൃത്യമായ ചികിത്സ നൽകാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും