|
Loading Weather...
Follow Us:
BREAKING

വരയ്ക്കും, പാടും ഈ പഞ്ചായത്ത് പ്രസിഡൻ്റ്

വരയ്ക്കും, പാടും ഈ പഞ്ചായത്ത് പ്രസിഡൻ്റ്
ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി എസ്. ബിജു സത്യപ്രതിജ്ഞ ചെയ്യുന്നു

വൈക്കം: ടി.വി. പുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി ചുമതലയേറ്റ എസ്. ബിജുവിന് രാഷ്ട്രീയം പോലെ തന്നെ വഴങ്ങും വരയും വർണ്ണങ്ങളുമെല്ലാം. നന്നായി പാടും. 
ബാലവേദിയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ബിജു നിലവിൽ സി.പി.ഐ  വൈക്കം മണ്ഡലം കമ്മറ്റി അംഗവും കോട്ടയം ജില്ലാ കൗൺസിൽ അംഗവുമാണ്. ദീർഘവർഷം എ.ഐ.വൈ.എഫിന്റെ ജില്ലയിലെ നേതൃ നിരയിൽ പ്രവർത്തിച്ച ബിജു എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. സി.പി. ഐ. ടി.വി. പുരം നോർത്ത് ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. എൻ.ഇ. ബാലറാം സാംസ്‌കാരിക പഠനകേന്ദ്രം രക്ഷാധികാരിയാണ്. ടി.വി. പുരം പഞ്ചായത്ത്‌ പ്രസിഡൻ്റ്, ഫാർമേഴ്‌സ് കോ. ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരിക്കെ പഞ്ചായത്തിൻ്റെ മുഖഛായ മാറ്റുന്ന ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കും എസ്. ബിജു നേതൃത്വം നൽകി.വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെയാണ് ഇപ്പോൾ വീണ്ടും ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചത്. ആറാം വാർഡ് കൊട്ടാരപളളിയിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2005 - 10 കാലയളവിലാണ് ബിജു ആദ്യം ടി.വി. പുരം പഞ്ചായത്ത്‌ പ്രസിഡന്റായത്. യുവജന പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന കാലം. ഡിജിറ്റൽ പ്രിൻ്റിംഗ് സാങ്കേതിക വിദ്യയൊന്നും അത്ര പ്രചാരത്തിലായിരുന്നില്ല അന്ന്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരമ്പരാഗത പ്രചാരണ രീതിയായ ചുമരെഴുത്തിന് വലിയ സ്വീകാര്യതയുണ്ടായിരുന്ന കാലവുമാണത്. എസ്. ബിജുവായിരുന്നു അക്കാലത്ത് ടി.വി. പുരത്തും വൈക്കത്തുമെല്ലാം പാർട്ടി പരിപാടികളുടെ പ്രധാന ചുമരെഴുത്തുകാരൻ. രാത്രിയിൽ പെട്രോമാക്സിൻ്റെ വെളിച്ചത്തിൽ ചുമരെഴുതുന്ന പഞ്ചായത്ത് പ്രസിഡൻ്റ് അന്ന് വാർത്തയായിരുന്നു. നന്നായി പാടുന്ന ബിജുവും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ഒരു ഗായക സംഘമുണ്ട്. പാർട്ടി സമ്മേളനങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഈ ഗായകസംഘം. കാലം മാറിയതനുസരിച്ച് സോഷ്യൽ മീഡിയയിലും പാട്ടും ആൽബവുമൊക്കെയായി സജീവമാണ് ബിജുവും സഖാക്കളും.