ആവാസ വ്യവസ്ഥയിൽ കണ്ടൽ ചെടികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിദ്യാർത്ഥികൾ
വൈക്കം: പുഴയോരത്ത് കണ്ടൽക്കാടുകൾ സൃഷ്ടിക്കാനുള്ള ശ്രമവുമായി മറവന്തുരുത്ത് സർക്കാർ യു.പി സ്കൂൾ വിദ്യാർത്ഥികൾ. ആവാസ വ്യവസ്ഥയിൽ കണ്ടൽ ചെടികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കണ്ടലിന്റെ തൈകളുമായ് കുട്ടികൾ എത്തിയത്. പാലാംകടവ് ചുങ്കം തനിമ ആർട്സ് ഗ്രൗണ്ടിനു സമീപം മുവാറ്റുപുഴയോരത്താണ് വിദ്യാർത്ഥികൾ കണ്ടൽ നട്ടത്.
കല്ലേൻ പൊക്കുടന്റെയും കണ്ടൽ അമ്മച്ചിയുടെയും പേരുകൾ സ്മരിച്ചുകൊണ്ട് മൂവാറ്റുപുഴ ആറിന്റെ തീരത്ത് അവർ തൈകൾ നട്ടപ്പോൾ നാട്ടുകാരും ഒപ്പം ചേർന്നു. തനിമ സെക്രട്ടറി ബിനു മോഹന്റെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തകരും വിദ്യാർത്ഥികൾക്കൊപ്പം എത്തിയിരുന്നു. കണ്ടൽ നട്ടു കൊണ്ടാണ് പഞ്ചായത്ത് അംഗം ബിന്ദു സുനിൽ ഉത്ഘാടനം നടത്തിയത്. പുഴയോരത്തെ കുമ്പിൾ മരത്തണലിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അഡ്വ. പി.ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കോർഡിനേറ്റർമാരും അധ്യാപകരുമായ ഐശ്വര്യ വി, ബോബി ജോസ്, എം.പി.ടി.എ പ്രസിഡന്റ് സൗദ നവാസ്, ബിനുമോഹൻ, വേണുഗോപാൽ, വിജയൻ എന്നിവർ ആശംസകൾ നേർന്നു.പ്രധാന അദ്ധ്യാപകൻ സി.പി. പ്രമോദ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് വി.പി. ജയകുമാർ നന്ദിയും പറഞ്ഞു.