അപകടമരണത്തിന് ഇൻഷുറൻസ് നിഷേധിച്ച സംഭവം: കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
കോട്ടയം: അപകടത്തിൽ മരിച്ചയാളുടെ ഭാര്യയ്ക്ക് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഇൻഷുറൻസ് തുക നിരസിച്ച ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും നൽകാൻ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. പേഴ്സണൽ ആക്സിഡന്റ് കവറേജ് തുകയായ 15 ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവിനത്തിൽ 2500 രൂപയും നൽകാനാണ് ഉത്തരവ്. 2020 ഫെബ്രുവരി 28 ന് ഏറ്റുമാനൂരിൽ ബൈക്കപകടത്തിൽ വയനാട് കേണിച്ചിറ പീപള്ളിയിൽ വീട്ടിൽ ഷിബു മരണപ്പെട്ടത്. ഷിബുവിൻ്റെ ഭാര്യ വി.എൻ. ഷിജിമോൾ, മക്കളായ ശിവാനന്ദ, ഗൗരിനന്ദ എന്നിവരുടെ പരാതിയിലാണ് നടപടി ഉണ്ടായത്. ഇൻഷുറൻസ് തുക നൽകാത്തതിനേത്തുടർന്ന് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിന് എതിരെ 2025 ഡിസംബർ മൂന്നിനാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകിയത്. ഷിബു ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഇൻഷുറൻസ് പോളിസി എടുത്തിരുന്നെന്നും ക്ലെയിമിനായുള്ള ഷിജി മോളുടെ അപേക്ഷ എല്ലാ രേഖകളും നൽകിയിട്ടും കെമിക്കൽ അനാലിസിസ് റിപ്പോർട്ട് നൽകിയില്ലെന്ന കാരണത്താലാണ് നിരസിച്ചതെന്നും കമ്മീഷൻ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അപകടം മൂലമാണ് മരണമെന്ന് വ്യക്തമാക്കിയിരുന്നു. അപകടസമയത്ത് ഷിജു മദ്യമോ മറ്റേതെങ്കിലും ലഹരിയോ ഉപയോഗിച്ചിരുന്നെന്നും സൂചനയില്ല. മരിച്ചയാൾ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലായിരുന്നു എന്ന് തെളിയിക്കുന്നതിൽ ഇൻഷുറൻസ് കമ്പനി പരാജയപ്പെട്ടുവെന്നും കമ്മീഷൻ വിലയിരുത്തി. കെമിക്കൽ അനാലിസിസ് റിപ്പോർട്ടില്ലാത്തത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്നതിനുള്ള കാരണമല്ലെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. ഇൻഷുറൻസ് കമ്പനികൾ ക്ലെയിം അപേക്ഷകൾ പരിഗണിക്കുമ്പോൾ തികച്ചും സാങ്കേതികമായ സമീപനം സ്വീകരിക്കരുതെന്നും പോളിസി എടുത്ത വ്യക്തിയുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങളാൽ സമർപ്പിക്കാൻ കഴിയാത്ത രേഖകൾ ആവശ്യപ്പെടരുതെന്നുമുള്ള മറ്റൊരു കേസിലെ സുപ്രീംകോടതി വിധി കമ്മീഷൻ ചൂണ്ടിക്കാട്ടി. അപകടത്തിന്റെ യഥാർഥ്യത്തേക്കുറിച്ച് സംശയം ജനിപ്പിക്കുന്നതിനോ പോളിസി വ്യവസ്ഥ ലംഘിച്ചതായി തെളിയിക്കുന്നതിനോ ഇൻഷുറൻസ് കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും വിലയിരുത്തിയാണ് അഡ്വ.വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ.ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഈ ഉത്തരവിട്ടത്.
Comments ()