ഭക്തിലഹരിയിൽ ക്ഷേത്രനഗരി: നാടെങ്ങും നവരാത്രി ആഘോഷം

വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ചടങ്ങുകളുമായി നവരാത്രി ആഘോഷം. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് മേൽശാന്തി ജയചന്ദ്രൻ പോറ്റി ഭദ്രദീപ പ്രകാശനം നടത്തി. മുൻ മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ സരസ്വതി മണ്ഡപത്തിൽ വിശേഷാൽ സരസ്വതി പൂജയും വിശേഷാൽ ദീപാരാധനയും ഭഗവത് സേവയും നടത്തും. വിജയദശമി ദിവസമായ 2 ന് രാവിലെ 5 ന് നിർമ്മാല്യദർശനം, എതൃത്തപൂജ , സരസ്വതി മണ്ഡപത്തിൽ വിശേഷാൽ സരസ്വതി പൂജ, വിദ്യാരംഭം, സംഗീതാർച്ചന, വൈകിട്ട് വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ചയും.
ഉദയനാപുരം ചാത്തൻകുടി ദേവീ ക്ഷേത്രത്തിലെ മഹാനവമി ദിനമായ 1 ന് രാവിലെ 9 ന് ശ്രീബലി, തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം, വൈകിട്ട് 5 ന് നടക്കുന്ന കാഴ്ചശ്രീബലിക്ക് വൈക്കം ചന്ദ്രൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, രാത്രി 9 ന് മഹാനവമി വിളക്ക്, വിജയദശമി ദിനമായ 2 ന് രാവിലെ 6ന് വിജയദശമി പൂജ, സരസ്വതി പൂജ, 7 ന് പൂജയെടുപ്പ് വിദ്യാരംഭം, വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്, 6 ന് ആറാട്ട് വരവ് വലിയ കാണിക്ക, ആറാട്ട് സദ്യ.
വൈക്കം ക്ഷേത്ര കലാപീഠത്തിൽ 2ന് രാവിലെ 7ന് നടക്കുന്ന വിദ്യാരംഭത്തിൽ ഉപഭോക്തൃ കോടതി ജഡ്ജി വൈക്കം രാമചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ പി.ജി. മിനി എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും.വൈകിട്ട് 5 ന് കലാപീഠത്തിലെ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും. തകിൽ, നാദസ്വരം, പഞ്ചവാദ്യം വിഭാഗങ്ങളിലായി 45 വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് ദീപം തെളിക്കും.
വൈക്കം അയ്യർകുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ 2 ന് രാവിലെ 8 ന് പൂജയെടുപ്പ്, വിദ്യാരംഭം, കലശാഭിഷേകം, യഞ്ജസമർപ്പണം.
വല്ലകം അരീക്കുളങ്ങര സ്വയംഭൂ ദൂർഗ്ഗാ ക്ഷേത്രത്തിൽ 1 ന് രാവിലെ 10 ന് മേൽശാന്തി കണ്ണന്റെ കാർമ്മികത്വത്തിൽ സാരസ്വതാർച്ചന, വൈകിട്ട് 6.30 ന് വൈക്കം ഷാജിയുടെ നാദസ്വരം, വിജയദശമി ദിനമായ 2 ന് രാവിലെ 7ന് പൂജയെടുപ്പും വിദ്യാരംഭവും.
വൈക്കം ഗൗഢസാരസ്വത ബ്രാഹ്മണ സമൂഹത്തിൽ ബൊമ്മക്കോലു പ്രദർശനം, ഭജൻസ്, കുമാരി പൂജ, സമാരാധന വിവിധ കലാപരിപാടികൾ എന്നിവയോടെ 2 ന് നവരാത്രി ആഘോഷം സമാപിക്കും. വടയാർ സമൂഹത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു. വിജയദശമി ദിനത്തിൽ ബൊമ്മക്കൊലു, ലളിതാ സഹസ്രനാമജപം, പൂജവയ്പും വിദ്യാരംഭവും ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് സമൂഹം ഭാരവാഹികളായ എം. ഈശ്വരയ്യർ, ഡോ.എം.പി. ശർമ്മ, എസ്.കൃഷ്ണൻ, ബി. ഗണേഷ്, എൻ. ലക്ഷ്മണൻ തുടങ്ങിയവർ നേതൃത്വം നല്കും.

വൈക്കം വലിയ കവല ധർമ്മശാസ്താ ക്ഷേത്രത്തിൽ 1 ന് രാവിലെ 8.30 നും 5.30 നും ലളിത സഹസ്രനാമാർച്ചന. 2 ന് രാവിലെ 7.30 ന് വിദ്യാരംഭം, പൂജയെടുപ്പ്, 8.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, ഭജന എന്നിവ ഉണ്ടാകും.