|
Loading Weather...
Follow Us:
BREAKING

ബിനാലെ മണി കായലോരത്ത് വീണ്ടും സ്ഥാപിക്കാൻ തീരുമാനം

ബിനാലെ മണി കായലോരത്ത് വീണ്ടും സ്ഥാപിക്കാൻ തീരുമാനം
വേമ്പനാട്ടുകായലില്‍ നിന്നും അഴിച്ചുവെച്ച ബിനാലെ മണി

എസ്. സതീഷ്കുമാർ

വൈക്കം: കായലിൽ പൊട്ടി വീണ ബിനാലെ മണി കായലോരത്ത് സ്പോൺസർമാരെ കണ്ടെത്തി വീണ്ടും സ്ഥാപിക്കാൻ ലളിതകലാ അക്കാദമി തീരുമാനം. ഇതിനായി ലളിതകലാ അക്കാദമി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കും. അടുത്ത ദിവസങ്ങളിൽ അക്കാദമി ഭാരവാഹികൾ സ്ഥലം സന്ദർശിക്കും.

0:00
/1:36

അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് വേമ്പനാട്ടുകായലില്‍ നിന്നും അഴിച്ചുവെച്ച ബിനാലെ മണി കായലോരത്ത് വീണ്ടും ഉയർത്താനാണ് തീരുമാനമായത്. 2024 മേയിലാണ് നഗരസഭാ പാര്‍ക്കിന് സമീപം വേമ്പനാട്ടുകായലില്‍ സ്ഥാപിച്ചിരുന്ന മണി അപകടാവസ്ഥയിലായത്. തുടര്‍ന്ന് അഴിച്ചുമാറ്റി ബീച്ച് റോഡരികിലേക്ക് മാറ്റിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം ലളിതകലാ അക്കാദമിയുടെ കഴിഞ്ഞ ഭരണസമിതി അംഗങ്ങള്‍ സ്ഥലത്തെത്തി പദ്ധതിയും എസ്റ്റിമേറ്റും തയ്യാറാക്കിയതാണ്. ബീച്ചിലെ ശില്പ ഉദ്യാനത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കായലില്‍ കോണ്‍ക്രീറ്റ് ഫ്രെയിമില്‍ മണി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. മണിയുടെ അരികിലേക്ക് ആളുകള്‍ക്ക് എത്താന്‍ നടപ്പാത നിര്‍മിക്കാനും ചുറ്റിനും കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോം നിര്‍മിച്ച് സെല്‍ഫി പോയിന്റാക്കി മാറ്റാനുമായിരുന്നു തീരുമാനം. ഇതിനായി 18.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് അന്ന് തയ്യാറാക്കിയത്. എസ്റ്റിമേറ്റ് തുക കൂടുതലായതിനാല്‍ പദ്ധതി അക്കാദമിക്ക് നടപ്പിലാക്കാനായില്ല. എന്നാൽ പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മിറ്റി യോഗത്തിലാണ് പുതിയ എസ്റ്റമേറ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഫണ്ടിന്റെ അഭാവം മൂലും നഗരസഭയെയും സ്‌പോണ്‍സര്‍മാരെയും കൂടി ഉള്‍പ്പെടുത്തി ബിനാലെ മണി കായലിൽ വീണ്ടും സ്ഥാപിക്കാൻ അക്കാദമിയുടെ നീക്കം തുടങ്ങിയത്. 2014-ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന മണി കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ. ഷിബുവിന്റെ ശ്രമഫലമായി 2015-ലാണ് വൈക്കത്ത് എത്തിച്ചത്. നഗരസഭയുടെ സഹകരണത്തോടെയാണ് അന്ന് നഗരസഭാ പാര്‍ക്കിനടുത്ത് വേമ്പനാട്ടുകായലില്‍ മണി സ്ഥാപിച്ചത്. ജലനിരപ്പിന് മുകള്‍ഭാഗം വരെ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ച് അതിനു മുകളില്‍ ഇരുമ്പുതൂണുകള്‍ സ്ഥാപിച്ചാണ് മണി സ്ഥാപിച്ചിരുന്നത്. 13 അടി ഉയരത്തിലും 16 അടി വ്യാസത്തിലും സ്റ്റീലില്‍ നിര്‍മിച്ച മണിക്ക് 2.5 ടണ്‍ ഭാരമുണ്ട്. കോയമ്പത്തൂരില്‍ ആറ് മാസം കൊണ്ടാണ് മണി നിര്‍മ്മിച്ചാണ് ബിനാലെയില്‍ പ്രശസ്ത ശില്‍പി ജിജി സ്‌കറിയ കാഴ്ച കൗതുകമാക്കി ക്രോണിക്കിള്‍സ് ഓഫ് ദ് ഷോര്‍സ് ഫോര്‍ടോള്‍ഡ് എന്ന പേരിൽ പ്രദർശിപ്പിച്ചത്. മണിയുടെ ദ്വാരത്തിലൂടെ വെള്ളം പ്രവഹിക്കുമ്പോൾ മുഴക്കം ഉണ്ടാകുന്ന രീതിയിലായിരുന്നു ശില്പം. അക്കാദമി ഭാരവാഹികൾ വൈക്കത്ത് എത്തി നഗരസഭയുമായി ചർച്ച നടത്തി സ്പോൺസർമാരെ കൂടി കണ്ടെത്തി ശില്പം ബീച്ചിന് സമീപം കായലിൽ വീണ്ടും സ്ഥാപിക്കാനാണ് നീക്കം. ഇതിനുള്ള തീരുമാനമെടുത്തതായി അക്കാദമി ചെയർമാൻ മുരളി ചീരോത്ത് അറിയിച്ചു.