ചരിത്രത്തിന്റെ ശേഷിപ്പുകളുമായി പ്രൗഡിയോടെ ഒരു കളിത്തട്ട്

നാനൂറോളം വര്‍ഷം പഴക്കമുള്ള കുടവെച്ചൂര്‍ ശാസ്‌തക്കുളം ദേവീക്ഷേത്രത്തിന്റെ ഭാഗമായ കളിത്തട്ട് ക്ഷേത്രത്തിന് കിഴക്കുഭാഗത്തായാണുള്ളത്. ക്ഷേത്രങ്ങള്‍ക്ക് ദേശാധിപത്യമുണ്‌ടായിരുന്ന കാലത്ത് നാട്ടുപ്രമാണിമാര്‍ കൂടിയിരുന്ന് തീരുമാനങ്ങള്‍ പലതും എടുത്തിട്ടുള്ളത് ഈ കളിത്തട്ടിലിരുന്നാണ്.
ക്ഷേത്രത്തിലെ മുടിയേറ്റ്, പാവക്കൂത്ത്, കഥകളി, തുള്ളല്‍ തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറിയിരുന്നതും ഇവിടെയാണ്. അയിത്തവും അനാചാരങ്ങളും നിലനിന്നിരുന്ന കാലത്തും സമസ്‌ത വിഭാഗക്കാര്‍ക്കും ക്ഷേത്രത്തിലെ കലാപരിപാടികള്‍ കാണുന്നതിനു കൂടിവേണ്‌ടിയാണ് സംവത്സരങ്ങള്‍ക്കു മുന്‍പ് ക്ഷേത്രാങ്കണത്തിന് വെളിയിലായി കളിത്തട്ട് പണിതുയര്‍ത്തിയതെന്നും പറയപ്പെടുന്നു.
ഒറ്റവളയം കൂട്ട് തീര്‍ത്ത് മരത്തൂണുകളിലുയര്‍ത്തി ഓലമേഞ്ഞ കളിത്തട്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീ പിടിച്ച് ഭാഗികമായി കത്തി നശിച്ചിരുന്നു. തുടര്‍ന്ന് അവശേഷിച്ച ഭാഗങ്ങള്‍ നിലനിര്‍ത്തി തൂണുകള്‍ പുതുക്കി ഓട് മേഞ്ഞു. കാളി, ദാരികരൂപങ്ങള്‍ ഉറഞ്ഞാടുന്ന മുടിയേറ്റ് പ്രധാന ചടങ്ങായി നടത്തിവന്ന ക്ഷേത്രസങ്കേതമാണ് ശാസ്‌തക്കുളം. അവയ്ക്കെല്ലാം വേദിയായിട്ടുള്ള ഈ കളിത്തട്ടിന് സമീപമാണ് താഴ്‌ന്ന ജാതിക്കാര്‍ക്കായി ‘കോഴിവെട്ട്' ഉള്‍പ്പെടെയുള്ള കുരുതി കര്‍മ്മങ്ങള്‍ നടന്നിരുന്നത്. നാടകങ്ങളും ഗാനമേളകളും ക്ഷേത്രോത്സവങ്ങളുടെ ഭാഗമായതോടെ ഈ പഴയ സ്‌റ്റേജ് വിശ്രമകേന്ദ്രമായി മാറി. ക്ഷേത്രകലകള്‍ അരങ്ങേറിയിരുന്ന കളിത്തട്ടില്‍ ഇന്ന് വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ ഒത്തുചേരുന്നു. ക്ഷേത്രത്തില്‍ ഇന്ന് ഉത്സവം നടത്തുന്നത് നാനാജാതി മതസ്‌തര്‍ ചേര്‍ന്നാണ്. അത്തരത്തില്‍ പ്രവേശനം സാദ്ധ്യമായതോടെ സ്‌റ്റേജും കലാരൂപങ്ങളും ക്ഷേത്രമതില്‍ക്കകത്തായി. ചരിത്രം പറയുന്ന കളിത്തട്ട് പുറത്തും.