ഏത് നമ്പറിലും കളിക്കാനാവും: സഞ്ജുവിന് പിൻതുണയുമായി സുനിൽ ഗവാസ്കർ

ന്യൂഡൽഹി: 2025 ഏഷ്യാ കപ്പില്‍ മലയാളി സൂപ്പർതാരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ ലഭിക്കുന്ന അവസരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്കർ.
ഇന്ത്യൻ പ്ലെയിങ് ഇലവനിലെ ഏത് സ്ഥാനങ്ങളിലും കളിക്കാൻ കഴിവുള്ള താരമാണ് സഞ്ജുവെന്നാണ് സുനില്‍ ഗവാസ്കർ അഭിപ്രായപ്പെട്ടത്. സഞ്ജുവിന് അഞ്ചാം നമ്ബറിലോ ആറാം നമ്ബറിലോ ബാറ്റ് ചെയ്യാൻ സാധിക്കുമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.
ടീമില്‍ ലോ ഓർഡറില്‍ ബാറ്റ് ചെയ്യാൻ കഴിയുന്ന താരമായി അദ്ദേഹത്തിന് ടീമില്‍ തുടരാൻ സാധിക്കും. അഞ്ചോ ആറോ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ സഞ്ജുവിന് കഴിയും. അദ്ദേഹത്തെ ഒഴിവാക്കരുത്, സഞ്ജുവിന് ഇതുമായി പൊരുത്തപ്പെടാൻ കഴിയും. എല്ലാത്തിനുമുപരി അദ്ദേഹം ഒരു വിക്കറ്റ് കീപ്പർ ആണ്, സഞ്ജു വളരെ കഴിവുള്ള താരമാണ്. അതുകൊണ്ട് നമ്മള്‍ സഞ്ജുവിനെക്കുറിച്ച് അധികം വിഷമിക്കേണ്ടതില്ല” സുനില്‍ ഗവാസ്കർ സ്പോർട്സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സമീപകാലങ്ങളില്‍ ടി-20യില്‍ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്ന് സെഞ്ച്വറികളാണ് കഴിഞ്ഞ കലണ്ടർ ഇയറില്‍ സഞ്ജു ടി-20യില്‍ അടിച്ചെടുത്തത്. ഈ മൂന്ന് സെഞ്ച്വറികളും സഞ്ജു ഓപ്പണർ എന്ന നിലയിലാണ് സ്വന്തമാക്കിയത്. സെപ്റ്റംബർ 9 മുതല്‍ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യു.എ.ഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകള്‍ ഈ ടൂർണമെന്റില്‍ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യു.എ.ഇ., ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകള്‍. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങള്‍.