🔴 BREAKING..

ഗജവീരൻ ഈരാറ്റുപേട്ട അയ്യപ്പന്റെ വിയോഗം ക്ഷേത്രനഗരിക്ക് വേദനയായി

ഗജവീരൻ ഈരാറ്റുപേട്ട അയ്യപ്പന്റെ വിയോഗം ക്ഷേത്രനഗരിക്ക്  വേദനയായി
2024 ലെ വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പന്റ തിടമ്പേറ്റി ഗജവീരൻ ഈരാറ്റു പേട്ട അയ്യപ്പൻ

വൈക്കം: വൈക്കത്തഷ്ടമിയുടെ നിറസാന്നിദ്ധ്യമായിരുന്ന ഗജവീരൻ ഈരാറ്റുപേട്ട അയ്യപ്പന്റെ വിയോഗം ക്ഷേത്രനഗരിക്കും വേദനയായി. ഗജവീരൻമാരുടെ പേരുകളിൽ എന്നും തലയെടുപ്പോടെ നിന്ന കോട്ടയംകാരുടെ അഭിമാനമായിരുന്ന അയ്യപ്പൻ ഇനി ഓർമ്മ. ആഢ്യത്വത്തിന്റെയും പ്രൗഢിയുടെയും തമ്പുരാൻ ആയിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ 2024 ലെ വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പന്റെ തിടമ്പ് എടുത്തിരുന്നത്. ലക്ഷണമൊത്ത ഗജവീരനായ ഈരാറ്റുപേട്ട അയ്യപ്പൻ 25 വർഷങ്ങളിലധികമായി അഷ്ടമിയുൽസവത്തിനായി വൈക്കത്തെത്തിയിരുന്നു. അഞ്ചാം ഉൽസവ നാളിൽ വൈക്കത്തെത്തുന്ന അയ്യപ്പൻ ആറാട്ട് കഴിഞ്ഞാണ് മടങ്ങാറ് പതിവ്. അഷ്ടമി നാളിൽ ഏകദേശം 12 വർഷക്കാലം പുഴവായിക്കുളങ്ങര ക്ഷേത്രത്തിലെ തിടമ്പ് ഏറ്റിയിരുന്നു.


കോട്ടയം ജില്ലയിലെ അഴകൊത്ത ഗജവീരൻ ഈരാറ്റുപേട്ട അയ്യപ്പൻ തൃശൂർ പൂരത്തിലും പലക്കാട് മണപ്പുളളി വേലക്കും നെന്മാറ വേലക്കും ഉൾപ്പടെയുള്ള എഴുന്നള്ളിപ്പിൽ സജീവമായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഭാരം കൊണ്ടും വലിപ്പു കൊണ്ടും പ്രത്യേകതയുള്ള ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാർത്തികയുൽസവത്തിന് നിരവധി വർഷം തിടമ്പ് എടുത്തിട്ടുണ്ട്. കൊടിമര ചുവട്ടിൽ ഉദയനാപുരത്തപ്പനെ വണങ്ങി നില്ക്കുന്ന അയ്യപ്പന്റെ രൂപം ഭക്തരുടെ മനസിൽ എന്നെന്നും മായാതെ നില്ക്കും. പ്രത്യക്ഷ ഗണപതിയെ സങ്കല്പിച്ച് വൈക്കത്ത് നടത്തുന്ന ഗജപൂജക്കും ആനയൂട്ടിലും കൊടിയേറ്റ് അറിയിപ്പിനും പങ്കെടുക്കാവാനും അയ്യപ്പന് സാധിച്ചിട്ടുണ്ട്. മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലും കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിലും വൈക്കം ക്ഷേത്രത്തിലെ കുംഭാഷ്ടമിക്കും ഈരാട്ടുപേട്ട അയ്യപ്പൻ എത്തിയിരുന്നു. തെക്കേ നട ആനപ്രേമി സംഘവും ഉദയനാപുരം ഉപദേശക ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.