ഇന്ത്യ-യു.കെ. വ്യാപാരക്കരാര്‍ കേരളത്തിലെ കാര്‍ഷിക മേഖലക്ക് തിരിച്ചടി: കെ.വി വസന്തകുമാര്‍

തലയോലപ്പറമ്പ്: ഇന്ത്യയും-യു.കെയുമായി വ്യാപാര രംഗത്തുണ്ടാക്കിയ കരാര്‍, കേരളത്തിലെ കാര്‍ഷികമേഖലയില്‍ പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും, അതുകൊണ്ടു തന്നെ കരാര്‍ റദ്ദാക്കണമെന്നും അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കാര്‍ഷിക മേഖലയ്ക്കു നല്‍കിയിരുന്ന 1800 കോടി രൂപയുടെ സബ്‌സിഡി വെട്ടിക്കുറച്ചത് കാര്‍ഷിക മേഖലയെ തളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍സഭ തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ കര്‍ഷക മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.വി. വസന്തകുമാര്‍. കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് കെ.എം. സുധര്‍മ്മന്‍ അധ്യക്ഷത വഹിച്ചു. ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ജോണ്‍ വി. ജോസഫ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി, കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ.എം മുരളീധരന്‍, കെ. വേണുഗോപാല്‍, എ.എം. അനി, പി.വി കൃഷ്ണകുമാര്‍, പി.എസ്. സുരേഷ് ബാബു, കെ.സി. രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിനും ധര്‍ണയ്ക്കും കെ.ജി. അശോക് കുമാര്‍, വി.കെ. മഹിളാമണി, ജസീന ഷാജുദ്ദീന്‍, ബി. സാജന്‍, ജയിംസ് കണിയാര്‍കുന്നേല്‍, പി.ബി. സാംബശിവന്‍, കെ.കെ. സാബു, എം.പി. പ്രസന്നജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, രാസവള വില വര്‍ധനവ് പിന്‍വലിക്കുക, രാസവള ലഭ്യത ഉറപ്പാക്കുക, നെല്ലിന്റെ സംഭരണവില ഉയര്‍ത്തുക, വില നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുക, കൃഷി നഷ്ടപ്പെട്ട വാഴ കര്‍ഷകര്‍ഷകര്‍ക്ക് ഉപാധിരഹിതമായി നഷ്ടപരിഹാരം അതുവദിക്കുക, ഉല്‍പാദന ചെലവ് അനുസരിച്ച് പാല്‍ വില നല്‍കുക, ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.