ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ കാണാതായതായി സംശയം: പോലിസും പ്രദേശവാസികളും മണിക്കൂറുകളോളം മുൾമുനയിൽ.
തലയോലപ്പറമ്പ്: ഇതര സംസ്ഥാന തൊഴിലാളിയായ യുവതി മൂവാറ്റുപുഴയാറിൻ്റെ തുരുത്തേൽ ഭാഗത്ത് കാണാതായതായി ഭർത്താവിൻ്റെ സംശയത്തെ തുടർന്ന് പോലിസും പ്രദേശവാസികളും മണിക്കൂറുകളോളം പുഴയിലും മറ്റും തിരച്ചിൽ നടത്തി മുൾമുനയിലായി.ഒടുവിൽ ബന്ധുവീട്ടിൽ പോയ യുവതിയെ നാട്ടുകാർ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയതോടെ ഭീതി അകന്നു. ഞായറാഴ്ച വൈകിട്ട് 5.30 ഓടെ മറവൻതുരുത്ത് പഞ്ചായത്തിൽ തുരുത്തേൽ ഭാഗത്താണ് സംഭവം. തുരുത്തേൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ധർമ്മരാജിൻ്റെ ഭാര്യ സഞ്ജു (35)നെയാണ് കാണാതായത്. കൂലിപ്പണിക്കാരനായ ഭർത്താവ് വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഭാര്യയെ കാണാതാവുകയായിരുന്നു. സമീപത്തെ പുഴവക്കിൽ ഇവർ ഉടുക്കുന്ന സാരി കിടക്കുന്നത് കണ്ടതോടെ പുഴയിൽ കാണാതായതായി സംശയം ഉയർന്നത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് യുവതിയെ ബന്ധുവിൻ്റെ കൂടെ രാത്രി 8 മണിയോടെ പാലാം കടവ് ഭാഗത്ത് വച്ച് നാട്ടുകാർ കണ്ടെത്തുന്നത്. തുടർന്ന് ഭർത്താവിനൊപ്പം പറഞ്ഞയക്കുകയായിരുന്നു.