ജലഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂൾ അടിയന്തിരമായി നടപ്പിലാക്കണം

വൈക്കം: സംസ്ഥാന ജലഗതാഗത വകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി നിയമസഭാ സബ്ജക്ട് കമ്മറ്റി പാസാക്കിയിട്ടും നടപ്പിലാക്കുന്നതിൽ ബോധപൂർവ്വമായ കാലതാമസം വരുത്തുന്ന ബന്ധപ്പെട്ട അധികാരികളുടെ സമീപനങ്ങൾ തിരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നല്കി. സ്പെഷ്യൽ റൂൾ ഭേദഗതി നീണ്ടുപോകുന്നതിനെതിരെ നിരവധി സമരങ്ങൾ നടത്തിയ സംഘടനയാണ് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് എംപ്ലോയീസ് ഫെഡറേഷനെന്ന് നേതാക്കൾ പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ചും, ഡയറക്ട്രേറ്റ് മാർച്ചും ഉൾപ്പെടെയുള്ള നിരവധി സമരങ്ങളും, വിവിധ മന്ത്രിമാർക്കും, പി.എസ്.സി. അധികാരികൾ ഉൾപ്പെടെയുള്ളവർക്കും സംഘടന നിരവധി തവണ നിവേദനങ്ങളും സമർപ്പിച്ചിരുന്നു. തുടർച്ചയായ ഇടപെടീലുകളുടെയും, സമരങ്ങളുടെയും ഫലമായി അംഗീകാരം ലഭിച്ച ജലഗതാഗതവകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി അടിയന്തിരമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്കിയത്. സ്പെഷ്യൽ റൂൾ ഭേദഗതി എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്കി. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സുരേഷ്ബാബു, ജോയിൻ്റ് സെക്രട്ടറിമാരായ സുമേഷ് കുപ്പപ്പുറം, വി.കെ. സന്തോഷ്കുമാർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.