കെ.എസ്.ആർ.ടി.സി. ബസുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ

വൈക്കം: പൊതുഗതാഗത രംഗത്ത് നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തി മിതമായ നിരക്കിൽ സാധാരണക്കാർക്ക് മികച്ചയാത്ര ഉറപ്പാക്കാൻ കെ എസ് ആർടിസി നടത്തുന്ന ഉദ്യമത്തിനു ശക്തിപകരാൻ കെ.എസ്.ആർ.ടി.സി. ബസുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ. വൈക്കം വെച്ചൂർ ദേവീവിലാസം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിലെ 35 വിദ്യാർഥികളാണ് അധ്യാപകരുടേയും പി.ടി.എയുടേയും സഹകരണത്തോടെ ബസുകൾ കഴുകി വൃത്തിയാക്കിയത്. ശുചീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ എട്ടിന് വൈക്കം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥികൾ പവർ വാഷടക്കമുള്ള ശുചീകരണ സാമഗ്രികൾ ഉപയോഗിച്ച് ബസുകളുടെ അകവും പുറവും കഴുകി വൃത്തിയാക്കി. വിദ്യാർഥികൾ അഞ്ചു ബസുകൾ കഴുകി വൃത്തിയാക്കി. വനിതകളുടെ വിശ്രമകേന്ദ്രത്തിൻ്റെ മുൻവശത്തെ ഭിത്തിയിൽ ലഹരിക്കെതിരെ അവബോധം നൽകുന്നതിന് ചിത്രങ്ങളും വരച്ചു കമനീയമാക്കിയ ശേഷമാണ് വിദ്യാർഥികൾ മടങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ റോയി ജെ. മഞ്ഞക്കുന്നേൽ, പി.ടി.എ. പ്രസിഡൻ്റ് ഷൈമോൻ മാറാലിൽ, എസ്.എം.സി. ചെയർമാൻ ജിജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.ടി. വിദ്യ, അധ്യാപകരായ അനിൽകുമാർ, ബിന്ദു കെ. രാജ്, ഷിബി പ്രദീപ്, എൻ.എസ്.എസ് ലീഡർമാരായ അശ്വിനി ദാസ്, സൗരവ്. ടി. പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ:വൈക്കംവെച്ചൂർ ദേവീവിലാസം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ പൊതുഗതാഗതത്തിന് പിൻബലമേകാൻ വൈക്കം സ്റ്റേഷനിലെ കെ എസ് ആർടിസി ബസുകൾ ശുചീകരിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹൈമിബോബി ഉദ്ഘാടനം ചെയ്യുന്നു