കേരളം ഹരിത വിപ്ലവത്തിലേക്ക്: ഗ്രീൻ ഹൈഡ്രജൻ യുഗം ആരംഭിക്കുന്നു!
ഇനി പെട്രോളും ഡീസലും ഇല്ലാത്തൊരു കാലം! ഭാവി ഇന്ധനമായ ഹൈഡ്രജൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഒരുങ്ങി കേരളം. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റും ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനും ഉടൻ യാഥാർത്ഥ്യമാവുകയാണ്. ഈ പദ്ധതിക്ക് വേദിയാകുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് (സിയാൽ).
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി സഹകരിച്ച് ബി.പി.സി.എൽ. ആണ് നെടുമ്പാശ്ശേരിയിൽ 1,000 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. തുടക്കത്തിൽ പ്രതിദിനം 80 കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ സ്റ്റേഷനുണ്ടാകും. തിരുവനന്തപുരത്ത് അനെർട്ടുമായി സഹകരിച്ച് മറ്റൊരു ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷൻ നിർമ്മിക്കാനും പദ്ധതിയുണ്ട്.
എന്താണ് ഗ്രീൻ ഹൈഡ്രജൻ?
ഗ്രീൻ ഹൈഡ്രജൻ എന്നത് പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഇന്ധനമാണ്
ഉത്പാദനം: വെള്ളത്തെ വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജനായും ഓക്സിജനായും വേർതിരിക്കുന്ന പ്രക്രിയയാണ് ഇലക്ട്രോളിസിസ്.
ഹരിത വഴി: ഇലക്ട്രോളിസിസ് പ്രക്രിയക്ക് ആവശ്യമായ വൈദ്യുതി സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജം തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസുകളിൽ നിന്നാണ് നിന്നാണ് ലഭിക്കുന്നതെങ്കിൽ, അതിനെ ഗ്രീൻ ഹൈഡ്രജൻ എന്ന് വിളിക്കുന്നു.
എന്തുകൊണ്ട് പ്രധാനം?
ഉത്പാദന പ്രക്രിയയിൽ കാർബൺ പുറന്തള്ളൽ ഒട്ടും ഉണ്ടാകുന്നില്ല എന്നതാണ് ഗ്രീൻ ഹൈഡ്രജന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
ഉപയോഗം
ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ ഉപയോഗിക്കുമ്പോൾ, അത് വെള്ളം മാത്രമാണ് ഉപോൽപ്പന്നമായി പുറത്തുവിടുന്നത്. ഇത് മലിനീകരണമില്ലാത്ത ഒരു ഇന്ധനമാണ്. ഇതിലൂടെ, കേരളം പെട്രോളിയം ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് കാർബൺ രഹിത ലക്ഷ്യങ്ങളിലേക്ക് എത്താൻ സാധിക്കും.
കൊച്ചിയുടെ ഗതാഗതത്തിന് ഹൈഡ്രജൻ ഊർജ്ജം
ഈ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതോടെ കൊച്ചിയുടെ ഗതാഗത രംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാവും. കൊച്ചി വാട്ടർ മെട്രോയും കൊച്ചി മെട്രോയുടെ തിരഞ്ഞെടുത്ത ഇ-ഫീഡർ സർവീസുകളും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡ് വാട്ടർ മെട്രോക്കായി നിർമ്മിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് പാസഞ്ചർ ഫെറികൾ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ, ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ ഹൈഡ്രജൻ ബസ്സുകൾ വിന്യസിക്കാനും സിയാലിന് പദ്ധതിയുണ്ട്.
ആകാശത്തും പറക്കാൻ ഗ്രീൻ ഹൈഡ്രജൻ
ബി.പി.സി.എൽ. ഈ രംഗത്തെ വെല്ലുവിളി നിറഞ്ഞ മറ്റൊരു പദ്ധതിയിലും പങ്കാളിയാണ്. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന, വെർട്ടിക്കൽ ടേക്ക് ഓഫ് ആൻ്റ് ലാൻഡിംഗ് സാധ്യമാകുന്ന ചെറു വിമാനങ്ങൾ വികസിപ്പിക്കാനാണ് ശ്രമം. പത്തിൽ താഴെ ആളുകൾക്ക് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങൾക്കിടയിൽ വേഗത്തിൽ എത്തിച്ചേരാൻ ഈ വിമാനങ്ങൾ സഹായിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ എയർ ആംബുലൻസുകളായും ഇവ ഉപയോഗിക്കാൻ സാധിക്കും.
പുതിയ കാലത്തെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് മുൻഗണന നൽകാനും കേരളം ഒരുങ്ങിക്കഴിഞ്ഞു. ഈ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സംസ്ഥാനത്തിന് ഒരു ഹരിത ഭാവിയിലേക്കുള്ള വാതിൽ തുറക്കുമെന്ന് ഉറപ്പാണ്.