പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും
തിരുവനന്തപുരം: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ലേബർ കോഡ് കേരളത്തിൽ നടപ്പാക്കുന്ന വിഷയത്തിൽ എല്ലാ ട്രേഡ് യൂണിയനുകളുമായും വിശദമായ ചർച്ച നടത്തുമെന്നും, ആലോചനകൾക്ക് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബ്രഹ്മോസ് എയറോസ്‌പേസ് പദ്ധതിക്കായി നൽകാനുള്ള ബാക്കി 90 ഏക്കർ ഭൂമി കൈമാറുന്നതിനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ തുടർനടപടികൾക്ക് വേഗം കൈവരുമെന്നാണ് പ്രതീക്ഷ. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ അംഗീകൃത ഓഹരി മൂലധനം നിലവിലെ 35 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

നിയമനങ്ങളിലും മന്ത്രിസഭ തീരുമാനമെടുത്തു.
വിജിലൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ജി. ശശീന്ദ്രനേയും, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഡോ.കെ.കെ. രാമചന്ദ്രനെയും നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ നടപ്പിലാക്കുമെന്ന് അറിയിച്ച് അഞ്ച് പരിഷ്കാരങ്ങൾ ഇവയാണ്:
സ്പെഷ്യൽ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം:
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്വത്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങൾ സർക്കാർ പോർട്ടലിൽ ലഭ്യമാക്കും. ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമ്മിതികൾ, റോഡുകൾ, അണക്കെട്ടുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയുൾപ്പെടെ ഉൾപ്പെടുത്തും.
പ്ലാൻ സ്‌പേസ് 2.0 (പ്രൊജക്ട് രജിസ്റ്റർ):
വിവിധ വകുപ്പുകൾ അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യും. ഇതിനായി ജി.ഐ.എസ്. അധിഷ്ഠിത പ്രൊജക്ട് രജിസ്റ്റർ മൊഡ്യൂൾ ഉൾപ്പെടുത്തി നിലവിലുള്ള ‘പ്ലാൻ സ്‌പേസ് 2’ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്ന സ്ഥലം, ഏജൻസികൾ, അനുമതി നൽകുന്ന അധികാരികൾ, ഫണ്ടിന്റെ സ്രോതസ്സ്, നിർമ്മാണ ഘട്ടങ്ങൾ എന്നിവയെല്ലാം പ്രൊജക്ട് രജിസ്റ്ററിൽ ഉണ്ടാകും.

ഗവൺമെന്റ് സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രി:
സർക്കാരിന് കീഴിൽ 591 സ്ഥാപനങ്ങളുണ്ട്. 19,000 കോടിയോളം രൂപയാണ് ഇവയുടെ ശമ്പളയിനത്തിൽ ചെലവാകുന്നത്. പല കാലങ്ങളിലായി രൂപീകരിച്ച സ്ഥാപനങ്ങളിൽ പലതും ലക്ഷ്യം കൈവരിച്ചശേഷവും പ്രവർത്തനം തുടരുകയാണ്. ഇവയുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തുകയും ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കുകയും ചെയ്യും.

കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി:
കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ സമഗ്രമായി അവലോകനംചെയ്ത് ഭേദഗതി വരുത്തും. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കും.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം:
സംരംഭകർക്ക് കേരള സർക്കാരുമായുള്ള ഇടപാടുകൾ ലളിതമാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും ആധുനികവൽകരിക്കുന്ന സംസ്ഥാനതല പ്രോസസ്സ് റീ-എൻജിനീയറിങ് പരിപാടിയാണിത്. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവന നടപടികൾ കൂടുതൽ ലളിതമാക്കും.
Comments ()