ട്രാൻസ്പോർട്ട് മാനേജുമെൻ്റ് കമ്മറ്റി നിലവിൽ വന്നു
എസ്. സതീഷ്കുമാർ
വൈക്കം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ട്രാൻസ്പോർട്ട് മാനേജുമെൻ്റു കമ്മറ്റി നിലവിൽ വന്നു. ആദ്യയോഗം വൈക്കം എം.എൽ.എ കെ. ബിനിമോൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ശുചിത്വം പാലിക്കുക, യാത്രക്കാർക്കുള്ള സേവനങ്ങൾ, ഗുണ നിലവാരമുള്ള കാൻ്റീൻ എന്നിവ ജനകീയ പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ യു.ഡി.എഫ് സർക്കാർ കെ.എസ്.ആർ.ടി.സിയിൽ മാനേജ് മെൻ്റ് കമ്മറ്റികൾ രൂപീകരിക്കുന്നത്. ജനകീയ പങ്കാളിത്തവും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കുക, സ്പോൺസർമാരെ കണ്ടെത്തുക, സി.എസ്.ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തുക, പൊതുജന സംഭാവനകൾ സമാഹരിക്കുക എന്നിങ്ങനെ അധിക വിഭവ സമാഹരണം നടത്തി ഡിപ്പോയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുക എന്നിവയാണ് മാനേജുമെൻ്റു കമ്മറ്റികൾ ലക്ഷ്യമിടുന്നത്.

വൈക്കം ഡിപ്പോ മാനേജുമെൻ്റ് കമ്മറ്റിയുടെ ആദ്യയോഗത്തിൽ ബൈലോ അംഗീകരിച്ച് പ്രവർത്തിക്കാൻ തീരുമാനമായി. കുടിവെള്ളം, ക്ലീനിംഗ്, വൃത്തിയുള്ള ടോയ്‌ലറ്റുകൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും തീരുമാനമായതായി എം.എൽ.എ കെ. ബിനിമോൻ അറിയിച്ചു. രാത്രികാലങ്ങളിലെ യാത്രാ ക്ലേശങ്ങൾ പരിഹരിക്കുന്നതിന് പുതിയ വണ്ടി ലഭിക്കുന്നതിനുള്ള ജനങ്ങളുടെ ആവശ്യം മന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും നിലവിൽ അനുവദിച്ച ബസുകൾ ഡിപ്പോയിൽ എത്തിക്കുന്നതിനുള്ള നടപടി എടുത്തതായും എം.എൽ.എ യോഗത്തിൽ പറഞ്ഞു. നിലവിലുള്ള കിണർ ശുദ്ധീകരിക്കുന്നതിനും, ബാക്കി ആവശ്യങ്ങൾക്കുള്ള ജലം ബോർവെല്ലുകൾ സ്ഥാപിച്ച് പരിഹരിക്കുന്നതിനും യാത്രക്കാർക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും , ഡിപ്പോയുടെ മുഴുവൻ സ്ഥലങ്ങളും മതിലുകെട്ടി സംരക്ഷിക്കുന്നതിനും, പേ ആൻ്റ് പാർക്ക് വഴി വരുമാനം വർദ്ധിപ്പിക്കുന്നതിനും ആദ്യ യോഗത്തിൽ തീരുമാനമായി. ഒരു ഭാഗത്ത് വളർന്നു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനും ക്യാമറകൾ സ്ഥാപിച്ച് മാലിന്യ നിക്ഷേപിക്കുന്നവരെ നിയന്ത്രിക്കുന്നതിനും, മുൻ ഭാഗത്ത് റോഡിന് അഭിമുഖമായി കടമുറികൾ പണിത് വരുമാനം കണ്ടെത്താനായി നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. തുടർന്നുള്ള ട്രാൻസ് പോർട് മാനേജുമെൻ്റു കമ്മറ്റി ഡിപ്പോയിൽ തന്നെയാവും നടക്കുന്നത്.

ജീവനക്കാരുടെ വാഹനം പാർക്കു ചെയ്യാനുള്ള സ്ഥലം ഒരുക്കണമെന്നും, ഗ്യാരേജിനുള്ളിലെ കുഴികൾ നികത്തി അവർക്ക് ജോലി ചെയ്യുന്നതിനുള്ള ഗോവണി പോലുള്ള സൗകര്യങ്ങൾ ഒരുക്കാനും കമ്മറ്റിയുടെ ശ്രമം ഉണ്ടാകും യോഗത്തിൽ എ.ടി.ഒ യും നഗരസഭ അംഗങ്ങളും ക്ഷണിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.
Comments ()