|
Loading Weather...
Follow Us:
BREAKING

കളത്തില്‍ പറമ്പ് ഭാഗത്ത് പുതിയ പാലം വരുന്നു

കളത്തില്‍ പറമ്പ് ഭാഗത്ത് പുതിയ പാലം വരുന്നു
ഉദയനാപുരം പഞ്ചായത്ത് കളത്തില്‍ പറമ്പ് ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ജോലി സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉദയനാപുരം പഞ്ചായത്തിന്റെ ഉള്‍നാടന്‍ മേഖലകളെ കേന്ദ്രീകരിച്ച് വൈക്കം - കോട്ടയം റോഡിനേയും എറണാകുളം - വൈക്കം റോഡിനേയും എളുപ്പ മാര്‍ഗം ബന്ധിപ്പിക്കുവാന്‍ 3-ാം വാര്‍ഡില്‍ കളത്തില്‍ പറമ്പ് ഭാഗത്തെ നിലവിലുള്ള പാലം പൊളിച്ചുമാറ്റി വിപുലമായ സൗകര്യങ്ങളോടെ പുതിയ പാലം നിര്‍മ്മിക്കാന്‍ പദ്ധതി ആയി. പൊതുമരാമത്ത് വകുപ്പ് ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപാ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു പറഞ്ഞു. 7 മീറ്റര്‍ വീതിയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണ ജോലി സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എറണാകുളം റോഡിലെ നാനാടം തേനാമിറ്റം ജംഗ്ഷനേയും വൈക്കം - കോട്ടയം റോഡിന്റെ തുറുവേലിക്കുന്ന് ജംഗ്ഷനേയും എളുപ്പമാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതാണ് പാലം. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉദയനാപുരം പഞ്ചായത്തിന്റെ ഒട്ടേറേ പിന്നോക്ക മേഖലകള്‍ക്ക് വന്‍ നേട്ടം ആകും. നേരേകടവ് - മാക്കേകടവ് പാലം പൂര്‍ത്തിയായാല്‍ വൈക്കം ഭാഗത്തേയ്ക്ക് വരാതെ കോട്ടയം ഭാഗത്തേയ്ക്ക് പോകാനുളള എളുപ്പമാര്‍ഗ്ഗം കൂടിയാകും ഇത്. നിര്‍മ്മാണ ഉദ്ഘാടന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഗീതാ ഷാജി, മെമ്പര്‍മാരായ പി.വി. പുഷ്‌കരന്‍, പി.ഡി. ജോര്‍ജ്ജ്, രഞ്ജന സുനില്‍, സൗമ്യ സനീഷ്, അജിത മധുകുട്ടന്‍, പ്രസന്നജിത് എന്നിവര്‍ പ്രസംഗിച്ചു.