ഭാസി മലാപ്പറമ്പ് അന്തരിച്ചു
കോഴിക്കോട്: എട്ട് തവണ ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്ത, പ്രശസ്ത ഫുട്ബോൾ എഴുത്തുകാരനും നോവലിസ്റ്റും കമൻ്റേറ്ററുമായ ഭാസി മലാപ്പറമ്പ് (85) കോഴിക്കോട്ട് മലാപ്പറമ്പിലെ ലൗഡെയിനിൽ നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം കുറച്ച് കാലമായി അദ്ദേഹം കിടപ്പിലായിരുന്നു.
1941 മെയ് 10 ന് ചന്തുക്കുട്ടി-ചിരുത കുട്ടി ദമ്പതികളുടെ മകനായി മലാപറമ്പിൽ തന്നെയാണ് ഭാസി മലാപറമ്പ് ജനിക്കുന്നത്. എൻഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ അദ്ദേഹം പിന്നീട് പൊതുമരാമത്ത് വകുപ്പിൽ നിന്ന് എൻഞ്ചിനീയറായാണ് വിരമിക്കുന്നത്. അറിയപ്പെടുന്ന ഫുട്ബോൾ കമൻ്റേറ്ററായാണ് ഇദ്ദേഹം കാൽപ്പന്തുകളിയുടെ ലോകത്തെത്തുന്നത്. സന്തോഷ് ട്രോഫി, നെഹ്‌റു കപ്പ് ഇൻ്റർനാഷണൽ ടൂർണമെൻ്റ്റ്, നാഗ് ജി ട്രോഫി എന്നിവയിലൂടെ കാണികൾക്കിഷ്ടപ്പെട്ട ഫുട്ബോൾ കമൻ്റേറ്ററായി. തൻ്റെ ഘനഗംഭീരമായ ശബ്‌ദം കൊണ്ട് കാണികളെ കീഴടക്കിയ ഇദ്ദേഹം പിന്നീടാണ് കാൽപന്തുകളി നടകഎഴുത്തിലൂടെയും കാണികളുടെ ഇഷ്ടക്കാരനായി മാറുന്നത്. ഇതിനിടക്ക് ലൈൻ റഫറിയുമായി കളിക്കളത്തിലെത്തിയിരുന്നു. ആകാശവാണിക്കു വേണ്ടിയും തൻ്റെ ശബ്‌ദം കൊണ്ട് ഇദ്ദേഹം ഫുട്ബോൾ പറഞ്ഞിരുന്നു. ഏകദേശം അഞ്ചോളം ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഫിഫയുടെ അക്രഡിറ്റഡ് ജേർണലിസ്‌റ്റായി ഇദ്ദേഹം മലയാള ദിനപത്രങ്ങൾക്കായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പ്രധാന നോവലുകൾ പഠനപാത്രത്തിന്റെ കാമുകി, നീല തടാകം, അമ്പിളി ചോല, മനസ്സുകൾ സാഗരങ്ങൾ, വൃന്ദ, സുഷമയുടെ ഒളിമ്പിക് പർവ്വം എന്നിവയാണ് കൂടാതെ ഫുട്ബോളിനെ കുറിച്ചുള്ള ഗോൾഡൻ ഗോൾ, ലോകകപ്പ് ഫുട്ബോൾ ഒരു ചരിത്ര അവലോകനം എന്നിവയും രചിച്ചിട്ടുണ്ട്. യു.എസ്.എ ആസ്ഥാനമായുള്ള സായി മാം ഫൗണ്ടേഷൻ്റെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, തിരുവനന്തപുരം സ്പോർട്സ് ലവേഴ്സ് അസോസിയേഷൻ ബെസ്റ്റ് വേൾഡ് കപ്പ് റിപ്പോർട്ടർ പുരസ്കാരം, തെക്കൻ കൊറിയയിലെ സോളിലെ ബാബയുടെ ഏറ്റവും നല്ല ഫോറിൻ ജേർണലിസ്റ്റ് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ വിവിധ സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്നു ഭാസി മലാപ്പറമ്പ്. ഭാര്യ: പാർവതി. മക്കൾ: സുദീപ്, പ്രസീദ്.
Comments ()