കെ.എസ്.എസ് പൊൻകുന്നം യൂണിറ്റ് ഉദ്ഘാടനവും കോട്ടയം ജില്ലാ കൺവെൻഷനും നടന്നു
പൊൻകുന്നം: കിസാൻ സർവീസ് സൊസൈറ്റി (KSS) പൊൻകുന്നം യൂണിറ്റിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും, കോട്ടയം ജില്ലാ കൺവെൻഷനും ഹോളി ഫാമിലി ഫൊറോന ചർച്ച് ഹാളിൽ സംയുക്തമായി നടന്നു. കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി, റവ.ഫാ. ആന്റോ, കെ.എസ്.എസ് ദേശീയ ചെയർമാൻ ഡോ. ജോസ് തയ്യിൽ, ദേശീയ ജനറൽ സെക്രട്ടറി സുരേഷ്. എസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് സമ്മേളനത്തിന് തുടക്കം കുറിച്ചു. പൊൻകുന്നം യൂണിറ്റ് പ്രസിഡന്റ് തോമസ് ഐയ്യനോലിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

കർഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന കെ.എസ്.എസ് പോലുള്ള കർഷകസംഘടനകൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രൊഫ. റോണി കെ. ബേബി എം.എൽ.എ ഉറപ്പുനൽകി. യന്ത്രവൽക്കരണവും ആധുനിക കൃഷിരീതികളും സ്വീകരിച്ച് കർഷകർ കൂട്ടായ്മയിലൂടെ മുന്നേറേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ദേശീയ ചെയർമാൻ ഡോ. ജോസ് തയ്യിൽ ചൂണ്ടിക്കാട്ടി. പൊൻകുന്നം യൂണിറ്റിന്റെ കർഷക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ, സംസ്ഥാന, ദേശീയ നേതൃത്വങ്ങളുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
യൂണിറ്റുകൾക്ക് സാമ്പത്തിക വളർച്ച കൈവരിക്കാൻ സഹായിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ദേശീയ ജനറൽ സെക്രട്ടറി സുരേഷ്. എസ് വിശദീകരിച്ചു. മാറുന്ന കാർഷിക സാഹചര്യങ്ങളിൽ കർഷക സമൂഹം പുതിയ ചിന്താഗതിയും കൂട്ടായ പ്രവർത്തന രീതിയും സ്വീകരിക്കേണ്ടതുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ജോയ് ജോസഫ് മൂക്കൻതോട്ടം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ.എസ്.എസ് കോട്ടയം ജില്ലാ സെക്രട്ടറി ഫിലിപ്പ് ജോൺ അംഗങ്ങളുടെ സത്യപ്രതിജ്ഞയും, ജില്ലാ പ്രസിഡന്റ് അജിത് വർമ്മ ഭാരവാഹികളുടെ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. റിൻസി മാത്യു, സൂസൻ രാജ് എന്നിവർ പ്രാർത്ഥനയും പ്രതിജ്ഞയും നടത്തി. ബാബുരാജ് ടി.കെ സ്വാഗതവും സജി തോമസ് നന്ദിയും രേഖപ്പെടുത്തി.
കെ.എസ്.എസ് നാഷണൽ സർവീസ് ഡയറക്ടർമാരായ ജോസ് ഓലിക്കൻ, എ.പി. തോമസ്, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ്, ഡോ. അനിൽ സെബാസ്റ്റ്യൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. രാജു ജോസഫിന്റെയും സംഘടനയിലെ മറ്റ് വനിതാ-പുരുഷ അംഗങ്ങളുടെയും നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്.
ജില്ലാ കൺവെൻഷൻ
ഒക്ടോബർ 13,14,15 തീയതികളിൽ നടക്കുന്ന കെ.എസ്.എസ് ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ കൺവെൻഷൻ നടന്നു. ജില്ലാ പ്രസിഡന്റ് അജിത് വർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
ദേശീയ സമ്മേളനത്തിന് മുന്നോടിയായി എല്ലാ യൂണിറ്റ് യോഗങ്ങളും സമയബന്ധിതമായി സംഘടിപ്പിക്കുന്നതിന് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകണമെന്ന് കൺവെൻഷൻ തീരുമാനിച്ചു. കൂടാതെ സംഘടന നടത്തുന്ന ഓൺലൈൻ യോഗങ്ങളിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്.
Comments ()