മഴക്കാലം രൂക്ഷം , ആരോഗ്യവും മുൻകരുതലും ഒരുപോലെ പ്രധാനമാണ്
മഴക്കാലം രൂക്ഷം, ആരോഗ്യവും മുൻകരുതലും ഒരുപോലെ പ്രധാനമാണ്. വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ എലിപ്പനി ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണം.
ശക്തമായ മഴയെ തുടർന്നു പല പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെളിവെള്ളവും രൂപപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും വർധിക്കാനുള്ള സാധ്യത ഏറെയാണ്. എലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ മൂത്രത്തിലൂടെ പകരുന്ന ബാക്ടീരിയ മലിനജലത്തിലും ചെളിയിലും കലരുകയും അവയുമായി മനുഷ്യൻ സമ്പർക്കത്തിൽ വരുമ്പോഴാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. പ്രത്യേകിച്ച് പ്രളയജലത്തിലോ വെള്ളക്കെട്ടിലോ ഇറങ്ങുന്നവർക്കാണ് കൂടുതൽ അപകടസാധ്യത.മഴക്കാലത്ത് ചെറിയ അശ്രദ്ധ പോലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. വെള്ളക്കെട്ടിൽ ഇറങ്ങിയതിന് ശേഷം പനിയോ ശരീരവേദനയോ ഉണ്ടായാൽ അത് സാധാരണ വൈറൽ പനിയാണെന്ന് കരുതി അവഗണിക്കരുത്.
എങ്ങനെ രോഗം പകരുന്നു?
. മലിനമായ വെള്ളക്കെട്ടിലോ ചെളിയിലോ നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോൾ.
. കാലിലോ കൈയിലോ ഉള്ള ചെറിയ മുറിവുകളിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുമ്പോൾ.
. മലിനജലം കണ്ണിലോ മൂക്കിലോ വായിലോ എത്തുമ്പോൾ.
ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
വെള്ളക്കെട്ടിൽ ഇറങ്ങിയതിന് ശേഷം ഏതാനും ദിവസങ്ങൾ മുതൽ താഴെപ്പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.
പനി
കടുത്ത തലവേദന, ശരീരവേദന, പ്രത്യേകിച്ച് കാലിലെ പേശിവേദന, കണ്ണ് ചുവക്കുക, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസതടസ്സം, രക്തസ്രാവം.
നേരത്തെ രോഗനിർണയവും ചികിത്സയും ലഭിച്ചാൽ രോഗം ഭേദമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പാലിക്കേണ്ട മുൻകരുതലുകൾ
അനാവശ്യമായി വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുക.
. ശുചീകരണത്തിനു ഉൾപ്പെടെ ഇറങ്ങുന്നവർ കാലിൽ ബൂട്ട്, കയ്യുറ തുടങ്ങിയ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക.
. വെള്ളത്തിൽ നിന്ന് വന്ന ഉടൻ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
. ശരീരത്തിലെ മുറിവുകൾ വാട്ടർപ്രൂഫ് പ്ലാസ്റ്റർ ഉപയോഗിച്ച് മൂടുക.
. കുട്ടികളെ വെള്ളക്കെട്ടിൽ കളിക്കാനോ കുളിക്കാനോ അനുവദിക്കരുത്.
. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുക.
. ഡോക്ടറുടെ നിർദേശപ്രകാരമേ പ്രതിരോധ മരുന്നുകൾ കഴിക്കാവൂ.
Comments ()