മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര കലാപീഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും മേൽശാന്തി ടി.എസ്. നാരായണൻ നമ്പൂതിരി പൂജിച്ച് നല്കിയ ഗ്രന്ഥം ഇടമന ഈശ്വരൻ പോറ്റി ഏറ്റു വാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗ്രന്ഥം സരസ്വതി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. മണ്ഡപത്തിൽ ഗ്രന്ഥവും വിവിധ വാദ്യങ്ങളും പുസ്തകങ്ങളും പൂജയ്ക്കായി സമർപ്പിച്ചു . അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു, കലാപീഠം മാനേജർ ആർ. ബിന്ദു, പ്രിൻസിപ്പൽ എസ്.പി. ശ്രീകുമാർ എന്നിവർ നേതൃത്വം നല്കി. ഹരിപ്പാട് മുരുകദാസ്, കാവാലം ഷാജി കുമാർ എന്നിവരുടെ നാദസ്വര കച്ചേരിയും നടന്നു. നാളെ വൈകിട്ട് 6ന് അനിൽകുമാർ, സംജിത് സാജൻ, നവനീത് കൃഷ്ണൻ എന്നിവരുടെ തായമ്പക, 1 ന് വൈകിട്ട് 6.30 ന് കാലാപീഠം ജയകൃഷ്ണന്റെ കൊട്ടിപ്പാടി സേവ, 2 ന് രാവിലെ 6.30 ന് കലാപീഠം ബിലഹരി എസ്. മാരാരുടെ കൊട്ടിപ്പാടി സേവ 7ന് നടക്കുന്ന വിദ്യാരംഭത്തിൽ ഉപഭോക്തൃ കോടതി ജഡ്ജി വൈക്കം രാമചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ പി.ജി. മിനി എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. വൈകിട്ട് 5 ന് കലാപീഠത്തിലെ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും. തകിൽ, നാദസ്വരം, പഞ്ചവാദ്യം വിഭാഗങ്ങളിലായി 45 വിദ്യാർത്ഥികളാണ് ഇത്തവണ അരങ്ങേറ്റം കുറിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് ദീപം തെളിക്കും. മെമ്പർമാരായ എ. അജികുമാർ, പി.ഡി. സന്തോഷ് കുമാർ , കൾചറൽ ഡയറക്ടർ പി. ദിലിപ്കുമാർ കലാപീഠം ഡയറക്ടർ വിബു പിരപ്പൻ കോട്, ഡെപ്യൂട്ടി കമ്മിഷണർ എൻ. ശ്രീധര ശർമ്മ, അസി. കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു, കലാപീഠം മാനേജർ ബിന്ദു, പ്രിൻസിപ്പൽ എസ്.പി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.