മഹാദേവക്ഷേത്രത്തിലെ പത്തായപ്പുര വീണ്ടും വാഹനം ഇടിച്ചു തകർന്നു
എസ്. സതീഷ്കുമാർ
വൈക്കം: മഹാദേവക്ഷേത്രത്തിലെ പത്തായപ്പുര നന്നാക്കി ഒരു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വാഹനം ഇടിച്ചു തകർന്നു. ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയിൽ വീഴുന്ന നിലയിലാണ് മേൽക്കൂരയിലെ ഓടുകൾ. വഴിയാത്രക്കാർക്ക് അപകട ഭീഷണിയായി തകർന്ന ക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂര ചൊവ്വാഴ്ചയാണ് നന്നാക്കിയത്.
പടിഞ്ഞാറെ നട തെക്കേനട റോഡിൽ ക്ഷേത്ര ചുറ്റുമതിലിനോട് ചേർന്ന് വളവിലാണ് പത്തായപ്പുരയുടെ മേൽക്കൂര തകർന്ന് ഓടുകൾ താഴെ വീഴുന്ന നിലയിൽ വീണ്ടും അപകട ഭീഷണിയായത്. അപകടസാധ്യത ഉയർത്തി മാസങ്ങൾക്ക് ശേഷമാണ് ഇത് നന്നാക്കാൻ ദേവസ്വം ബോർഡ് തയ്യാറായത്. വ്യാഴാഴ്ച രാവിലെ തന്നെ വാഹനം തട്ടി ഒന്ന് രണ്ട് ഓടുകൾ തകർന്നിരുന്നു. എന്നാൽ ഉച്ചയോടെയാണ് മേൽക്കൂര കൂടുതൽ തകർന്ന നിലയിൽ കണ്ടത്. റിഫ്ലക്ടർ സ്റ്റിക്കർ പതിപ്പിച്ചാണ് അറ്റകുറ്റപണി നടത്തി തകർന്ന ഭാഗം കഴിഞ്ഞ ദിവസം നന്നാക്കിയത്. പുതിയതായി നിർമ്മിച്ച മേൽക്കൂരയിലെ തടികൂട്ടടക്കം ഇളകിയ നിലയിലാണ്. വലിയ കണ്ടയിനർ ലോറികളടക്കം കടന്ന് പോകുന്ന ഇവിടെ വാഹനങ്ങൾ തട്ടാതിരിക്കാൻ സംവിധാനം കൂടി സജ്ജീകരിക്കണമെന്ന് ദേവസ്വം ബോർഡിനോട് ഭക്തർ ആവശ്യപ്പെട്ടിരുന്നതാണ്. പത്തായപ്പുര തകർത്ത് വാഹനം കടന്ന് പോയാലും നടപടി ഉണ്ടാകാത്തതാണ് പ്രശ്നമാകുന്നത്. സംഭവം ഉണ്ടായാൽ ഉടനെ ഇടിക്കുന്ന വാഹനം കണ്ടെത്താനുള്ള നടപടി എടുക്കാനൊ പരാതി കൊടുക്കാനൊ ദേവസ്വം തയ്യാറാകാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.