മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു
ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ആന മുല്ലയ്ക്കൽ ബാലകൃഷ്ണൻ ഓർമ്മയായി. ഇന്ന് രാവിലെ രാവിലെ 7.15ന് മുല്ലയ്ക്കല് ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്രമതിൽക്കെട്ടിനകത്ത് തളച്ചിരുന്ന ബാലകൃഷ്ണൻ മറിഞ്ഞു വീഴുകയായിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്. 62-ാം വയസ്സായിരുന്നു മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞത്. ഏറെ നാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1987 ൽ മുല്ലയ്ക്കൽ ക്ഷേത്രത്തിലെ കൊടിയർച്ചനയ്ക്ക് ശേഷം ബാക്കിവന്ന തുക ഉപയോഗിച്ച് വാങ്ങിയതാണ് ഈ ആനയെ. 1988ലാണ് ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ ആചാരങ്ങളിലും ഉത്സവങ്ങളിലും പ്രധാന പങ്കുവഹിച്ചിരുന്ന ആനയായിരുന്നു ബാലകൃഷ്ണൻ. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ആനകളിൽ ഒന്നായിരുന്നു ഇത്. വൈക്കത്തഷ്ടമിയുടെ നിറ സാന്നിധ്യമായിരുന്നു മുല്ലയ്ക്കൽ ബാലകൃഷ്ണൻ.
ആലപ്പുഴയുടെ സ്വന്തം ബാലകൃഷ്ണൻ
ആലപ്പുഴക്കാർക്ക് ഒരു വികാരമായിരുന്നു ഈ ആന. മുല്ലയ്ക്കൽ ചിറപ്പ് മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ബാലകൃഷ്ണൻ. എഴുന്നള്ളത്ത്, താലപ്പൊലി തുടങ്ങിയ പ്രധാന ചടങ്ങുകളിൽ സ്ഥിരമായി ബാലകൃഷ്ണൻ ഉണ്ടായിരുന്നു. നാല് പതിറ്റാണ്ടിലേറെക്കാലം മുല്ലയ്ക്കൽ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളായ ചിറപ്പ് മഹോത്സവം, നവരാത്രി ഉത്സവം എന്നിവയിലെല്ലാം ബാലകൃഷ്ണനായിരുന്നു തിടമ്പേറ്റിയത്. മുല്ലയ്ക്കൽ ബാലകൃഷ്ണൻ ആലപ്പുഴക്കാർക്ക് ഒരു സാധാരണ ആനയായിരുന്നില്ല, മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിന്റെ ഭാഗവും ആലപ്പുഴയുടെ സാംസ്കാരിക ചിഹ്നവുമായിരുന്നു. ആലപ്പുഴയിലെ തെരുവുകളിലൂടെയുള്ള എഴുന്നള്ളത്തുകൾ നാട്ടുകാർക്ക് ഗൃഹാതുരമായ ഓർമ്മയാണ്. പൊതുവെ ശാന്തസ്വഭാവമുള്ള ആനയായിരുന്നു ബാലകൃഷ്ണൻ. ബാലകൃഷ്ണനെ പരിചരിച്ചിരുന്ന പാപ്പാന്മാരുമായി വളരെ ആഴത്തിലുള്ള ബന്ധമാണ് ആന കാത്തുസൂക്ഷിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രായാധിക്യവും മറ്റ് അസുഖങ്ങളും മൂലം ചികിത്സയിലായിരുന്ന ആനയ്ക്ക് ക്ഷേത്രം അധികൃതരും നാട്ടുകാരും മികച്ച പരിചരണം നൽകി വന്നിരുന്നു.