നവരാത്രി ആഘോഷത്തിന് ഒരുങ്ങി വൈക്കത്തെ വിവിധ ക്ഷേത്രങ്ങൾ

വൈക്കം: നവരാത്രി ആഘോഷത്തിന് ഒരുങ്ങി വൈക്കത്തെ വിവിധ ക്ഷേത്രങ്ങൾ. ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് സെപ്തംബർ 25 ന് കൊടികയറും. വൈകിട്ട് 7 നും 8 നും ഇടയിൽ നടക്കുന്ന കൊടിയേറ്റിന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. 29 ന് വൈകിട്ട് 5ന് പൂജവയ്പ്, മഹാനവമി ദിനമായ ഒക്ടോബർ 1 ന് രാവിലെ 9 ന് ശ്രീബലി, തേരോഴി രാമകുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം, വൈകിട്ട് 5 ന് നടക്കുന്ന കാഴ്ച ശ്രീബലിക്ക് വൈക്കം ചന്ദ്രൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, രാത്രി 9 ന് മഹാനവമി വിളക്ക്, വിജയ ദശമി ദിനമായ 2 ന് രാവിലെ 6ന് വിജയദശമി പൂജ, സരസ്വതി പൂജ,7 ന് പൂജയെടുപ്പ് വിദ്യാരംഭം. വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ട് വരവ്, വലിയ കാണിക്ക, ആറാട്ട് സദ്യ എന്നിവ നടക്കും. ഉൽസവബലി ദർശനവും വിവിധ കലാപരിപാടികളും നടക്കും.
വൈക്കം ക്ഷേത്ര കലാപീഠത്തിലെ നവരാത്രി ആഘോഷം സെപ്റ്റംബർ 29 ന് ആരംഭിക്കും. വൈകിട്ട് 5 ന് ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും ഗ്രന്ഥം എഴുന്നള്ളിച്ച് കലാപീഠത്തിലെ സരസ്വതി മണ്ഡപത്തിലെത്തിക്കുന്നതോടെ പൂജ വയ്പ് തുടങ്ങും. വാദ്യമേളങ്ങളും ഗ്രന്ഥവും പൂജക്കായ് സമർപ്പിക്കും. ഇടമന ഈശ്വരൻ പോറ്റി കാർമ്മത്വം വഹിക്കും. 2 ന് രാവിലെ 7ന് നടക്കുന്ന വിദ്യാരംഭത്തിൽ ഉപഭോക്തൃ കോടതി ജഡ്ജി വൈക്കം രാമചന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ പി.ജി. മിനി എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. വൈകിട്ട് 5 ന് കലാപീഠത്തിലെ മൂന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും. തകിൽ, നാദസ്വരം, പഞ്ചവാദ്യം വിഭാഗങ്ങളിലായി 45 വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് ദീപം തെളിയിക്കും. മെമ്പർമാരായ എ. അജികുമാർ, പി.ഡി. സന്തോഷ് കുമാർ, കൾചറൽ ഡയറക്ടർ പി. ദിലിപ്കുമാർ കലാപീഠം ഡയറക്ടർ വിബു പിരപ്പൻകോട്, ഡെപ്യൂട്ടി കമ്മിഷണർ എൻ. ശ്രീധര ശർമ്മ, അസിസ്റ്റൻഡ് കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ് വിഷ്ണു, കലാപീഠം മാനേജർ ബിന്ദു, പ്രിൻസിപ്പൽ എസ്.പി ശ്രീകുമാർ എന്നിവർ പങ്കെടുക്കും.
തെക്കേ നട വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം സെപ്തംബംർ 22 ന് ആരംഭിക്കും. വൈകിട്ട് 5.15 ന് ശബരിമല മുൻ മേൽശാന്തി ഇണ്ടംതുരുത്തി മനമുരളീധരൻ നമ്പൂതിരി ദീപം തെളിയിക്കും. 5.30ന് വൈക്കം സങ്കീർത്തന ഭജന മണ്ഡലിയുടെ ഭജന, 23ന് 5.30 ന് തൃപ്പൂണിത്തുറ എൻ.എസ്.എസ്. കരയോഗത്തിന്റെ ഭജന, 24 ന് 5.30 ന് വൈക്കം ശിവകൃപയുടെ ഭജന, 25 ന് 5.30 ന് കൊച്ചി ക്ഷത്രിയ സമാജത്തിൻ്റെ ഭജനമാല, 26ന് 5.30 ന് വൈക്കം ശ്രീജിത്ത് മൂസതിന്റെ വീണ കച്ചേരി, 27 ന് 5.30 ന് ജയന്ത് വർമ്മയുടെ സംഗീത സദസ്, 28 ന് രാവിലെ 5 ന് ഭഗവതിക്ക് പന്തീരായിരം പുഷ്പാഞ്ജലി, വൈകിട്ട് 5.30 ന് വൈക്കം തത്വമസിയുടെ ഭജൻസ്, 29ന് വൈകിട്ട് 5.30 ന് പൂജ വയ്പ്പ്, 6 ന് മാസ്റ്റർ നികാന്തിന്റെ കീബോർഡ് സംഗീതാർച്ചന, 30 ന് രാവിലെ 8ന് ഹരി ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കലശം, വൈകിട്ട് 5.30 ന് ദീപക് വർമ്മ , വൈക്കം ഗിരീഷ് വർമ്മ , വൈക്കം ഗോവിന്ദ് വർമ്മ എന്നിവർ നയിക്കുന്ന ഭക്തി ഗാനമേള, ഒക്ടോബർ 1 ന് രാവിലെ 9 ന് സംഗീതാർച്ചന. വൈകിട്ട് 5.30 ന് ദീപക് വർമ്മയുടെ സംഗീതകച്ചേരി, 2ന് രാവിലെ 7.30 ന് പൂജയെടുപ്പ്, 8.30 ന് വൈക്കം പഞ്ചാക്ഷരിയുടെ ഭജന, സംഗീതർച്ചന.
വൈക്കം അയ്യർ കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിലെ ദേവി ഭാഗവത നവാഹയജ്ഞവും നവരാത്രി ആഘോഷവും സെപ്തംബർ 23 ന് ആരംഭിക്കും. വൈകിട്ട് 5ന് ക്ഷേത്ര കലാപീഠം പ്രിൻസിപ്പൽ എസ്.പി. ശ്രീകുമാർ ദീപം തെളിയിക്കും. അരൂർ അപ്പുജിയാണ് യജ്ഞാചാര്യൻ. ദുർഗാഷ്ടമി ദിനമായ 29 നാണ് പൂജവയ്പ്, 2 ന് രാവിലെ 8 ന് പൂജയെടുപ്പ്, വിദ്യാരംഭം, കലശാഭിഷേകം, യജ്ഞ സമർപ്പണം.
വല്ലകം അരീകുളങ്ങര സ്വയംഭൂ ദൂർഗ്ഗ ക്ഷേത്രത്തിൽ നവരാത്രി 22 ന് ആരംഭിക്കും. 29 നാണ് സമാപനം. വിജയ ദശമി ദിനമായ 2 ന് രാവിലെ 7 ന് പൂജയെടുപ്പും വിദ്യാരംഭവും. രാധിക ഗോപകുമാർ, ഉദയനാപുരം സാവേരി മ്യൂസിക്, കോക്കാട് സാബു, വൈക്കം രാജേഷ് എന്നിവരുടെ സംഗീത സദസ്, പ്രദീപ് അരികുളങ്ങര, ഉണ്ണിക്കണ്ണൻ എന്നിവരുടെ സോപാനസംഗീതം, വൈക്കം ഷാജിയുടെ നാദസ്വര കച്ചേരി, പഞ്ചരത്ന കീർത്തനം, ഗാനാഞ്ജലി, പ്രഭാഷണം എന്നിവയും നടക്കും.
വൈക്കം ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ നേതൃത്വത്തിൽ വൈക്കം ജി.എസ്.ബി. സമൂഹത്തിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 22 തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബർ രണ്ടിന് വിദ്യാരംഭത്തോടെ സമാപിക്കും. നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ബൊമാക്കോലു പ്രദർശനം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഭജൻ, കലാപരിപാടികൾ എന്നിവയും, മഹാനവമി ദിവസം കുമാരി പൂജ, വിദ്യാരംഭ ദിവസം മഹാസമാരധന തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സമാജം പ്രസിഡന്റ് ഉമേഷ് ഷേണായ്, കൺവീനർ വാസുദേവ കമ്മത്ത് എന്നിവർ അറിയിച്ചു.
ഉല്ലല പുതിയകാവ് ദേവി ക്ഷേത്രത്തിൽ 22 മുതൽ 2 വരെ നവരാത്രി ആഘോഷിക്കും. 25 ന് പൂജവയ്പ്പും ഒക്ടോബർ 2 ന് പൂജയെടുപ്പും വിദ്യാരംഭവും വിവിധ കലാപരികളും നടക്കും.
വൈക്കം മൂത്തേടത്ത്കാവ്, തെക്കേനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രം കുലശേഖരമംഗലം കൂട്ടുമ്മേൽ ക്ഷേത്രം, കുലശേഖരമംഗലം കൊച്ചങ്ങാടി ശ്രീരാമ ആഞ്ജനേയ മഠം ആഞ്ജനേയ ക്ഷേത്രം, തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രം, ചെമ്മനത്തുകര ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രം , വൈക്കം പുഴവായിക്കുളങ്ങര, ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം, തോട്ടകം വല്ല്യാറമ്പത്ത് കുപ്പേടിക്കാവ്, ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയ്പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയോടെ നവരാത്രി ആഘോഷിക്കും.