"ഞാനുമൊരു വൈക്കത്തുകാരൻ": നടൻ ദിലീപ്
വൈക്കം: വൈക്കംകാരനാണ് താനെന്ന് നടൻ ദിലീപ്. വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി കൊടിയേറ്റിനെ തുടർന്ന് കലാമണ്ഡപത്തിൽ ദീപപ്രകാശനം നടത്തുകയായിരുന്നു ദിലീപ്. തൻ്റെ മുത്തച്ഛൻ വൈക്കംകാരനായിരുന്നെന്നും ഇവിടെ നിന്നാണ് തൻ്റെ കുടുംബം ആലുവയിലേക്ക് പോയതെന്നും ദിലീപ് പറഞ്ഞു. കുട്ടിക്കാലത്ത് മുത്തച്ഛൻ്റെ കൈപിടിച്ച് മഹാദേവക്ഷേത്രത്തിൽ പതിവായി വന്നിരുന്നതിൻ്റെയും അഷ്ടമി കൂടി നടന്നതിൻ്റെയുമെല്ലാം ഓർമ്മകൾ ദിലീപ് ഭക്തജനങ്ങളുമായി പങ്കുവെച്ചു. വൈക്കത്തപ്പൻ്റെ സന്നിധിയിൽ ഓരോ തവണ എത്തുന്നതും ഓരോ അനുഭവമാണെന്നും തൻ്റെ പുതിയ ചിത്രത്തിൻ്റെ പൂജ വൈക്കം ക്ഷേത്രത്തിൽ നടത്താനായത് വലിയ അനുഗ്രഹമാണെന്നും ദിലീപ് പറഞ്ഞു. വൈക്കത്തഷ്ടമി ഇന്ന് കേരളത്തിലെ തന്നെ വലിയ ആഘോഷവും ആവേശവുമാണ്. ഭക്തിയും ആഘോഷവും ഒരേപോലെ നിറയുന്ന വൈക്കത്തഷ്ടമിയുടെ ചടങ്ങിൽ പങ്കെടുക്കാനായത് ഭാഗ്യമായി കരുതുന്നുവെന്നും ദിലീപ് പറഞ്ഞു. സിനിമാതാരം ഗൗരീനന്ദ, മഹാദേവക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്ണു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments ()