ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര
കോട്ടയം: ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയും കേരളത്തിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനമായ തൂഫാന് പ്രചാരണവുമായി പഴയ ടാറ്റാസഫാരി ഉടമകളുടെ സംസ്ഥാനതല കൂട്ടായ്മയായ കിങ്ഡം ഓഫ് സഫാരിയുടെ നേതൃത്വത്തില്‍ കോട്ടയത്തുനിന്ന് ലഡാക്കിലേക്കൊരു യാത്ര.
കോട്ടയം കൊല്ലാട് സ്‌നേഹക്കൂട് അഭയമന്ദിരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച യാത്ര അഭയമന്ദിരത്തിലെ അമ്മമാരും അച്ഛന്‍മാരും ചേര്‍ന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്‌നേഹക്കൂട് അഭയമന്ദിരം ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അനുരാജ് സ്‌നേഹക്കൂട് ആശംസ അര്‍പ്പിച്ചു.

കിങ്ഡം ഓഫ് സഫാരി കൂട്ടായ്മയിലെ വിവിധ ജില്ലകളില്‍നിന്നുള്ള അംഗങ്ങളടക്കം നൂറുകണക്കിന് പേര്‍ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
കിങ്ഡം ഓഫ് സഫാരി കൂട്ടായ്മ അംഗം ടിന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള യാത്രാ സംഘത്തില്‍ 8 വാഹനങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം 30 പേരാണ് ലഡാക്കിലേക്ക് യാത്രചെയ്യുന്നത്. 20 ദിവസം കൊണ്ട് ലഡാക്കിലെത്തി തിരികെയെത്താന്‍ ലക്ഷ്യമിടുന്ന സംഘത്തിന് ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം സ്വീകരണം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

കാലാവസ്ഥയുടെ പ്രതികൂലതയെ അതിജീവിച്ച് ദീര്‍ഘദൂരം യാത്രചെയ്ത് ഇന്ത്യന്‍ സൈന്യത്തിന് സല്യൂട്ടുമായി എത്തുന്ന സംഘത്തിന് വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരണവും നല്‍കുന്നുണ്ട്. തൂഫാന്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഒപ്പം ചേര്‍ക്കുന്ന യാത്രയ്ക്ക് പിന്തുണ അറിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സഫാരി കൂട്ടായ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചു നല്‍കിയിരുന്നു.
Comments ()