ഉത്തരവാദിത്വ ടൂറിസം രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആഗോള പുരസ്കാരം കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ രൂപേഷ് കുമാർ കെ. യ്ക്ക്
വൈക്കം: ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം (ICRT Global) ഏർപ്പെടുത്തിയ 'പയനിയറിംഗ് കോൺട്രിബ്യൂഷൻ ടു റെസ്പോൺസിബിൾ ടൂറിസം' അവാർഡിനാണ് അദ്ദേഹം അർഹനായത്. ലോക റെസ്പോൺസിബിൾ ടൂറിസത്തിലെ ഏറ്റവും വലിയ വ്യക്തിഗത അവാർഡാണിത്. കേരളത്തിലെ ടൂറിസം മേഖലയിൽ ഉത്തരവാദിത്വ ടൂറിസം സങ്കൽപ്പങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിലും, പ്രാദേശിക സമൂഹ പങ്കാളിത്തത്തോടെ സുസ്ഥിര വികസനം സാധ്യമാക്കുന്നതിലും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തിയാണ് ഈ ആഗോള പുരസ്കാരം.

ലോകത്ത് ആകെ 5 പേർക്ക് മാത്രം ലഭിച്ച വേൾഡ് ട്രാവൽ മാർക്കറ്റ് ലണ്ടന്റെ ഔട്ട് സ്റ്റാൻഡിങ് അച്ചീവ്മെന്റ് അവാർഡും, കോണ്ടെനാസ്റ്റ് ട്രാവലറിന്റെ സസ്റ്റൈനബിൾ ടൂറിസം ചാമ്പ്യൻ എന്ന സിലക്ഷനും, ഔട്ട് ലുക്ക് റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ലീഡർ അവാർഡും രൂപേഷ് കുമാറിന് ലഭിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവായ രൂപേഷ് കുമാറിന് കീഴിൽ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ 24 ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമടക്കം വിവിധ രാജ്യങ്ങളിൽ പ്രഭാഷകനായ അദ്ദേഹം നിലവിൽ സസ്റ്റൈനബിൾ ടൂറിസത്തിന്റെയും റൂറൽ ടൂറിസത്തിന്റെയും നോഡൽ ഓഫീസർ കൂടിയാണ്. പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകിക്കൊണ്ട് കേരളത്തിന്റെ ടൂറിസം മാതൃക ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ രൂപേഷ് കുമാറിന്റെ നേതൃത്വം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ പുതിയ നേട്ടം കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം മേഖലയ്ക്കും സംസ്ഥാന ടൂറിസം വകുപ്പിനും ഇന്ത്യയ്ക്കാകെയും ഒരുപോലെ അഭിമാനകരമാണ്. ലണ്ടനിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ
നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ
വിർച്വൽ ആയി അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.
Comments ()