|
Loading Weather...
Follow Us:
BREAKING

രാമവർമ്മ തമ്പാൻ നിലപാടുകളിൽ അടിയുറച്ച കമ്മ്യൂണിസ്റ്റ്

രാമവർമ്മ തമ്പാൻ നിലപാടുകളിൽ അടിയുറച്ച കമ്മ്യൂണിസ്റ്റ്

അനുസ്മരണം: എം.ഡി. ബാബുരാജ് (സി.പി.ഐ. വൈക്കം മണ്ഡലം സെക്രട്ടറി)​

വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകരിൽ പ്രമുഖനായിരുന്ന സഖാവ് എൻ.കെ. രാമവർമ്മ തമ്പാൻ 1923-ൽ തൃപ്പൂണിത്തുറയിലെ ഒരു രാജകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ തൃശൂർ സ്വദേശിയായ നാരായണയ്യരും അമ്മ ലക്ഷ്മിത്തമ്പാട്ടി എന്ന കൊച്ചമ്മു തമ്പാട്ടിയുമായിരുന്നു. സമ്പത്തും അധികാരവും ഉണ്ടായിരുന്ന 'കണ്ണാടിക്കോവിലകത്ത്' നിന്ന് വൈക്കത്തേക്ക് താമസം മാറിയെങ്കിലും തറവാടിന്റെ പേര് മാറ്റാതെ നിലനിർത്തി. ചെറുപ്പത്തിൽ തന്നെ അദ്ദേഹം നാട്ടിലെ ഉച്ചനീചത്വങ്ങളെയും, അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും എതിർത്തിരുന്നു. യുക്തിചിന്തയും ശാസ്ത്രബോധവുമായിരുന്നു തമ്പാൻ്റെ നിലപാടുകളുടെ അടിസ്ഥാനം. സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായിരുന്ന അദ്ദേഹം 1942-ലെ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് 54 ദിവസം ജയിലിലടച്ചു. നാട്ടിൽ തിരിച്ചെത്തിയ ശേഷം സഖാവ് സി.കെ.വിശ്വനാഥൻ, പി.എസ്. ശ്രീനിവാസൻ തുടങ്ങിയവർക്കൊപ്പം വൈക്കത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ അക്ഷീണം പ്രവർത്തിച്ചു. കർഷകരെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച് നിരവധി പോരാട്ടങ്ങൾ നടത്തിയതിന്റെ പേരിൽ അദ്ദേഹത്തിന് പലതവണ ജയിൽവാസം അനുഭവിക്കേണ്ടി വരികയും പോലീസിന്റെ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാകേണ്ടി വരികയും ചെയ്തു. ഇത് അദ്ദേഹത്തെ ശാരീരികമായി തളർത്തിയെങ്കിലും, ഉള്ളിലെ വിപ്ലവകാരിക്ക് കൂടുതൽ കരുത്തു നൽകി. ​1944-ലാണ് വൈക്കത്ത് കമ്യൂണിസ്റ്റ് പാർട്ടി ഘടകം പിറക്കുന്നത്. കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസിലാണ് രൂപീകരണ യോഗം നടന്നത്. തമ്പാൻ കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ രംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതനായി. 1948-ലെ കൽക്കട്ടാ തീസിസിനെ തുടർന്ന് കമ്യൂണിസ്റ്റുകാർക്കെതിരായ ആക്രമണം ഭരണാധികാരികൾ ശക്തമാക്കി. ഈ കാലയളവിൽ കടുത്ത പീഡനത്തിനിരയായ തമ്പാൻ 1949 ആഗസ്റ്റ് 15-ന് കരിങ്കൊടി ഉയർത്താൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായി. പല ലോക്കപ്പുകളിലായി മർദ്ദനം സഹിച്ച അദ്ദേഹത്തെ പത്ത് മാസത്തേക്ക് ശിക്ഷിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം, എസ്.എൻ.ഡി.പി. യോഗം സംഘടനാ സെക്രട്ടറിയായിരുന്ന, സ്വതന്ത്ര സമുദായം എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ കർത്താവുമായ ഇ. മാധവന്റെ മകളും കമ്മ്യൂണിസ്റ്റ് പ്രവർത്തകയുമായിരുന്ന സി.കെ. തുളസിയെ വിവാഹം കഴിച്ചു. ഈ വിവാഹം ജാതിചിന്തയ്ക്കെതിരെയുള്ള ഒരു വെല്ലുവിളി കൂടിയായി ഉയർന്നു. തന്റെ വ്യക്തിജീവിതത്തിൽ കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ പകർത്തി അദ്ദേഹം ഒരു മാതൃകാ കമ്മ്യൂണിസ്റ്റായി ജീവിച്ചു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ തമ്പാൻ സിപിഐയോടൊപ്പം നിന്നു. ഒരു നല്ല കർഷകൻ കൂടിയായിരുന്ന തമ്പാൻ, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിസാൻ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.​പാർട്ടി മണ്ഡലം സെക്രട്ടറിയായും, ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്ന സഖാവ് ഐപ്ലോയുടേയും ഇസ്കഫിന്റെയും നേതൃനിര പ്രവർത്തകനായിരുന്നു. താൻ വിശ്വസിച്ച പ്രസ്ഥാനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പുതുതലമുറ മാതൃകയാക്കേണ്ടതാണ്. 2000 സെപ്റ്റമ്പർ 18ന് സ:തമ്പാൻ അന്തരിച്ചു.

0:00
/0:08

വൈക്കത്ത് എൻ.കെ. രാമവർമ്മ അനുസ്മരണ ദിനാചരണം സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു