സ്വത്ത് വിൽപ്പന തർക്ക പരിഹാര ചർച്ചക്ക് പോലീസ് സ്റ്റേഷനിൽ എത്തിയ ഗൃഹനാഥൻ മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

വൈക്കം: വസ്തു തര്‍ക്കവുമായി ബന്ധപെട്ടുണ്ടായ സാമ്പത്തികതര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ ചര്‍ച്ചയ്‌ക്കെത്തിയ ഗൃഹനാഥൻ തിരികെ മടങ്ങുന്നതിനിനിടെ സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഞീഴൂര്‍ മഠത്തിപ്പറമ്പ് കൂവംപറമ്പില്‍ സ്റ്റീഫന്‍ ചാണ്ടി (51) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെ കടുത്തുരുത്തി പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. ഞീഴൂര്‍ സ്വദേശിയായ കോണ്‍ട്രാക്റ്ററുടെ പരാതിയെ തുടര്‍ന്നാണ് തര്‍ക്കം പരിഹരിക്കാന്‍ വൈകിട്ട് പോലീസ് സ്റ്റേഷനിലേക്ക് സ്റ്റീഫനെ വിളിപ്പിച്ചത്. സ്റ്റേഷനിലെത്തി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയ സ്റ്റീഫന്‍ സ്റ്റേഷന്റ ഗേറ്റിന് സമീപമെത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പോലീസ് ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഉടൻ ഇദ്ദേഹത്തെ സമീപത്തെ സഹകരണാശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇറ്റലിയിലായിരുന്ന ഭാര്യ മഞ്ചു അവധിക്ക് നാട്ടിലെത്തിയ ദിവസം തന്നെയാണ് സറ്റീഫന്റെ മരണം. സ്റ്റീഫന്റെ സംസ്‌ക്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ - മഞ്ജു സ്റ്റീഫന്‍ (കല്ലറ പുന്നക്കാട്ട് കുടുംബാംഗം). മക്കള്‍ - എയ്ഞ്ചല്‍ സ്റ്റീഫന്‍, ചിഞ്ചു സ്റ്റീഫന്‍, മിന്‍സാര സ്റ്റീഫന്‍.