തലയോലപ്പറമ്പ് ഗവ. യു.പി. സ്കൂളിൽ മോഷണശ്രമം

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗവൺമെൻ്റ് യു.പി. സ്കൂളിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണശ്രമം നടന്നത്. ഓഫീസ് മുറിയുടെ മുൻവശത്തെ താഴ് തകർത്ത് കയറിയ മോഷ്ടാവ് ഓഫീസിനുള്ളിലെ 2 അലമാരകളും, 2 മേശകളും കുത്തിത്തുറന്ന് ഇവിടെ നിന്നും താക്കോൽ എടുത്ത് സ്റ്റാഫ് റൂമിലും കയറി. വെള്ളിയാഴ്ച രാവിലെ സ്കൂൾ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തലയോലപ്പറമ്പ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഓഫീസ് റൂമിൽ ലാപ്പ്ടോപ്പ് അടക്കം ഉണ്ടായിരുന്നെങ്കിലും അവ നഷ്ടപ്പെട്ടിട്ടില്ല. സംഭവം അറിഞ്ഞ് എ.ഇ.ഒ. കെ.സി. ദീപ ഉൾപ്പെടെ അധികൃതർ സ്കൂളിൽ എത്തി. സമീപത്തുള്ള ബഷീർ സ്മാരക സ്കൂളിലും 2 മാസം മുൻപ് മോഷണം നടന്നിരുന്നു.