വെച്ചൂർ- തലയാഴം പഞ്ചായത്തുകളിലായി പ്രൊഫഷണൽ ടർഫ് ഒരുങ്ങുന്നു
വൈക്കം: തലയാഴം-വെച്ചൂർ പഞ്ചായത്തുകളിലെ ആദ്യ പ്രൊഫഷണൽ ടർഫ് സ്റ്റേഡിയം വെച്ചൂർ ഗവൺമെന്റ് ഹൈസ്കൂളിൽ (പുത്തൻപാലം സ്കൂൾ) ഒരുങ്ങുന്നു. വെച്ചൂർ പഞ്ചായത്ത്- തലയാഴം പഞ്ചായത്ത്-വൈക്കം ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് 70 ലക്ഷം രൂപ ചെലവിലെ രണ്ട് പഞ്ചായത്തുകളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ അംഗം ആനന്ദ് ബാബുവിന്റെ ഡിവിഷൻ ഫണ്ടിൽ നിന്ന് വിനിയോഗിക്കുന്ന 50 ലക്ഷം രൂപയിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി 20 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും വെച്ചൂർ പഞ്ചായത്ത് അഞ്ച് ലക്ഷവും ഇതിനകം അനുവദിച്ചു. ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിലെ ബഹുവർഷ പ്രോജക്ടായി നടക്കുന്ന പദ്ധതിയിൽ ഈ 35 ലക്ഷത്തിന്റെ പ്രവർത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. പുതിയ തലമുറയ്ക്ക് കായിക മേഖലയിലെ പ്രൊഫഷണൽ സാധ്യതകളിലേക്ക് വഴി തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിലൂടെ വെച്ചൂർ സ്കൂളിന്റെ വികസനത്തിനും പുതിയ സാധ്യതകൾ തുറക്കപ്പെടും. വെച്ചൂർ സ്കൂളിലെ കുട്ടികൾക്കൊപ്പം തലയാഴം - വെച്ചൂർ പഞ്ചായത്തുകളിലെയും നാടിന്റെ പല ഭാഗങ്ങളിലെയും കായിക താരങ്ങൾക്കും സ്പോർട്സ് കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പ്രൊഫഷണൽ പരിശീലനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്തെ ആദ്യ പ്രൊഫഷണൽ സ്റ്റേഡിയം ഒരുങ്ങുമ്പോൾ ഇത് നാടിനു നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. സർക്കാർ അക്രഡിറ്റഡ് ഏജൻസി വഴി നടപ്പാക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് നടപടികൾ ഉടൻ ആരംഭിക്കും. ജനപ്രതിനിധികൾ സ്കൂളിൽ സ്റ്റേഡിയം നിർമിക്കുന്ന സ്ഥലം സന്ദർശിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ മെമ്പർ ആനന്ദ് ബാബു, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ചരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സുശീല കുമാരി, എൻ. അഭിഷേക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സോമൻ, സ്കൂൾ എച്ച്.എം ഷീല, പൊതു പ്രവർത്തകരായ എൻ. സുരേഷ് കുമാർ, കെ.എസ് ഷിബു എന്നിവർ പങ്കെടുത്തു.
Comments ()